പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 27 ഞായറാഴ്ച രാവിലെ 8 മണിക്ക് പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ മന്ത്രി വീണാ ജോർജ് നിർവ്വഹിക്കും. ഇതുകൂടാതെ വിവിധ ജില്ലകളിലും ജില്ലാതല ഉദ്ഘാടനങ്ങളും നടക്കും. പോളിയോ ബൂത്തുകളിൽ എത്തി തന്നെ എല്ലാ കുട്ടികൾക്കും വാക്സിൻ നൽകണമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.
ഒഴിവാക്കാനാകാത്ത സാഹചര്യം കൊണ്ട് ബൂത്തുകളിൽ എത്തിച്ചേരാൻ കഴിയാത്ത കുട്ടികൾക്ക് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആരോഗ്യ പ്രവർത്തകര വീട്ടിലെത്തി പോളിയോ തുള്ളിമരുന്ന് നൽകുന്നതാണ്. പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യുന്നതിനായുള്ള ക്രമീകരണങ്ങൾ പൂർത്തിയായി കഴിഞ്ഞു.
24,614 ബൂത്തുകൾ വഴി അഞ്ച് വയസ് വരെയുള്ള 24,36,298 കുട്ടികൾക്കാണ് പോളിയോ തുള്ളിമരുന്ന് നൽകുന്നത്. ഇതിനായുള്ള ജീവനക്കാരേയും സന്നദ്ധ പ്രവർത്തകരേയും അതത് കേന്ദ്രങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ച കുട്ടികളാണെങ്കിൽ നാലാഴ്ച കഴിഞ്ഞ് പോളിയോ തുള്ളിമരുന്ന് നൻകിയാൽ മതിയെന്നും മന്ത്രി വ്യക്തമാക്കി.
രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് പോളിയോ ബൂത്തുകളുടെ പ്രവർത്തന സമയം. ബസ് സ്റ്റാന്റുകൾ, റെയിൽ വേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലെ ട്രാൻസിറ്റ് ബൂത്തുകൾ രാവിലെ 8 മണി മുതൽ രാത്രി 8 മണിവരെ പ്രവർത്തിക്കും. പോളിയോ ബൂത്തിലുള്ളവരും കുട്ടികളെ കൊണ്ടുവരുന്നവരും കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം. തിരക്ക് ഒഴിവാക്കുവാനായി ആരോഗ്യ പ്രവർത്തകരെ നിർദേശിക്കുന്ന സമയത്ത് കുട്ടികളെ കൊണ്ടുപോയി തുള്ളിമരുന്ന് നൽകേണ്ടതാണ്.
കേരളത്തിൽ രണ്ടായിരത്തിനു ശേഷം പോളിയോ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും അയൽ രാജ്യങ്ങളിൽ പോളിയോ രോഗം ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്നതിനാൽ രോഗസാധ്യത ഒഴിവാക്കുന്നതിനാണ് പോളിയോ തുള്ളിമരുന്ന് നൽകുന്നത്. പോളിയോ രോഗം കാരണം കുട്ടികളിലുണ്ടാകുന്ന അംഗവൈകല്യം തടയേണ്ടത് അനിവാര്യമാണ്. അതിനാൽ തന്നെ 5 വയസിന് താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് നൽകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
Post a Comment