വിമാനത്താവളത്തിലെ കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ട ദുഷ്പ്രചരണം : തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുന്നതായി മൈക്രോ ഹെൽത്ത് ലബോറട്ടറിറീസ്

വിമാനത്താവളങ്ങളിൽ വെച്ചു നടത്തുന്ന കോവിഡ് റാപ്പിഡ് മോളിക്യൂലാർ ടെസ്റ്റുമായി ബന്ധപ്പെട്ട ദുഷ്പ്രചരണങ്ങൾ തെറ്റിദ്ധാരണയും ഭീതിയും പരത്തുന്നതാണെന്നും, പൊതുജനങ്ങള്‍ ഇതില്‍ വഞ്ചിതരാകരുതെന്നും മൈക്രോ ഹെല്‍ത്ത് ലബോറട്ടീസ് എം.ഡിയും സി.ഇ.ഒയുമായ സി.കെ നൗഷാദ് കോഴിക്കോട് വെച്ചു നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോവിഡ് പകർച്ച തടയുക എന്ന ലക്ഷ്യത്തോടെ യുഎഇ ഗവൺമെൻറ് ഏർപ്പെടുത്തിയ പ്രതിരോധ മാർഗമാണ് വിമാനത്താവളങ്ങളിൽ വെച്ചു നടത്തുന്ന റാപ്പിഡ് മോളിക്യൂലാർ കോവിഡ് ടെസ്റ്റിംഗ്. യാത്ര പുറപ്പെടുന്നതിന് 6 മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ വെച്ച് യാത്രക്കാരെല്ലാവരും റാപ്പിഡ് ടെസ്റ്റ് ചെയ്യണമെന്നാണ് യു എ ഇ ഭരണകൂടത്തിന്റെ ചട്ടം. എന്നാൽ വിമാനത്താവളത്തിൽ വെച്ച് നടത്തുന്ന ടെസ്റ്റിൽ യാത്രക്കാരിൽ ചിലർക്ക് പോസിറ്റീവാകുന്നു എന്ന് കാണിച്ചാണ് പ്രചരണം. ഇതിനായി യാത്രയ്ക്ക് മുന്നോടിയായി, 48 മണിക്കൂറിനകം ചെയ്യേണ്ടുന്ന സാധാരണ ആര്‍.ടി.പി.സി.ആര്‍ പരിശോധനയുടെ ഫലവും എയര്‍പോര്‍ട്ടുകളില്‍ വെച്ച് നടത്തുന്ന റാപ്പിഡ് മോളിക്യൂലാര്‍ പരിധോനയുടെ ഫലവും താരതമ്യപ്പെടുത്തിയാണ് തെറ്റിദ്ധാരണ പരത്തുന്നത്. 

റാപ്പിഡ് പി.സി.ആര്‍ എന്ന് സാര്‍വത്രികമായി വിളിക്കപ്പെടുന്നുണ്ടെങ്കിലും വിമാനത്താവളങ്ങളില്‍ വച്ച് നടത്തുന്ന ഐസോതെര്‍മല്‍ ആംപ്ലിഫിക്കേഷന്‍ മോളിക്കുലാര്‍ ടെസ്റ്റിഗ് സാധാരണ ആര്‍.ടി.പി.സി.ആര്‍ പോലെയുള്ളതല്ല. മറിച്ച് പതിന്‍മടങ്ങ് ചിലവ് കൂടുതല്‍ വരുന്ന തീര്‍ത്തും വ്യത്യസ്തമായ പരിശോധനാ രീതിയാണ്. കോവിഡ് ബാധിതനായ വ്യക്തിയുടെ ശരീരത്തിലെ സാര്‍സ് കൊറോണ വൈറസിന്റെ അളവിനെ ശാസ്ത്രീയമായി അപഗ്രഥിക്കുന്ന സൈക്കിള്‍ ത്രെഷോള്‍ഡ് വാല്യൂവിനെ അടിസ്ഥാനപ്പെടുത്തിയാണ് ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലങ്ങള്‍ നല്‍കുന്നത്. നിശ്ചിത പരിധിയായ 35ന് മുകളില്‍ സി.ടി വാല്യൂ ലഭിക്കുന്ന പരിശോധനാ ഫലങ്ങളാണ് സാധാരണയായി നെഗറ്റീവ് ആയി നല്‍കുന്നത്. തീരെ വൈറസ് സാന്നിധ്യം ഇല്ലാത്തവര്‍ക്കൊപ്പം കുറഞ്ഞ തോതില്‍ വൈറസിന്റെ സാന്നിധ്യം ഉള്ളവരുടെ ഫലവും നെഗറ്റീവ് ആകും.
അതിനര്‍ത്ഥം ആ വ്യക്തി വൈറസ് ബാധിതന്‍ അല്ലെന്നല്ല. മറിച്ച് രോഗിയുടെ ശരീരത്തില്‍ കുറഞ്ഞ തോതിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്താന്‍ സാധിച്ചിട്ടുണ്ടാവുക എന്നാണ്. എന്നാല്‍ വിമാനത്താവളങ്ങളില്‍ വെച്ച് നടത്തുന്ന ഐസോതെര്‍മല്‍ ആംപ്ലിഫിക്കേഷന്‍ റാപ്പിഡ് മോളിക്ക്യുലാര്‍ പരിശോധനയില്‍ വ്യക്തി വൈറസ് വാഹകനാണോ എന്ന് മാത്രമാണ് കണ്ടെത്തുന്നത്. ഏറിയും കുറഞ്ഞുമുള്ള വൈറസിന്റെ അളവിനെ അടിസ്ഥാനമാക്കിയല്ല, പരിശോധനയ്ക്ക് വിധേയനാകുന്ന വ്യക്തിയുടെ ശരീരത്തില്‍ വൈറസ് ഉണ്ടോ ഇല്ലയോ എന്നതുമാത്രമാണ് വിമാനത്താവളത്തിൽ പരിശോധിക്കപ്പെടുന്നത്.

പുറത്ത നിന്നെടുക്കുന്ന ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ അനുവദനീയമായ അളവില്‍ കുറഞ്ഞ വൈറസ് വാഹകരായി കണ്ടെത്തി നെഗറ്റീവ് ഫലം ലഭിച്ചവരാണ് പ്രധാനമായും വിമാനത്താവളങ്ങളിലെ പരിശോധനയില്‍ പോസിറ്റീവ് ആവുന്നത്. വിമാനത്താവളങ്ങളില്‍ നടക്കുന്ന പരിശോധന സമ്പൂര്‍ണ്ണമായി യന്ത്രനിയന്ത്രിതവും പിഴവുകള്‍ സംഭവിക്കാനുള്ള സാധ്യത വിരളവുമാണ്. രോഗം ഭേദമായവരിലും ചിലപ്പോള്‍ മാസങ്ങളോളം വൈറസ് കണങ്ങള്‍ അവശേഷിക്കാം. ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിനുള്ള അശാസ്ത്രീയ സാമ്പിള്‍ ശേഖരണവും വ്യത്യസ്ത സമയങ്ങളില്‍ വ്യത്യസ്ത പരിശോധനാ ഫലങ്ങള്‍ ലഭിക്കുന്നതിന് കാരണമാവാറുണ്ട്. വൈറസിന്റെ സമൂഹ വ്യാപനമാണ് ആനുപാതികമായി വിദേശയാത്രക്കാരിലും പോസിറ്റീവ് കേസുകള്‍ കൂടാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം കോഴിക്കോടാണ് കൂടുതൽ പോസിറ്റീവ് കേസുകൾ ഉള്ളതെന്ന വാദം ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വാര്‍ത്താസമ്മേളനത്തില്‍ മൈക്രോ ഹെല്‍ത്ത് ലബോറട്ടീസ് ചെയര്‍മാന്‍ സി. സുബൈര്‍, ഡയറക്ടര്‍ ഓഫ് ഓപ്പറേഷന്‍സ് നജീബ് യൂസുഫ്, ലാബ് ഡയറക്ടര്‍ ഹരികൃഷ്ണന്‍ കാശി, കണ്‍സള്‍ട്ടന്റ് മൈക്രോബയോളജിസ്റ്റ് ഡോ. അരുണ്‍, ക്ലിനിക്കല്‍ മോളിക്ക്യുലാര്‍ സയന്റിസ്റ്റ് ഡോ. ജസ്റ്റിന്‍, ഓപ്പറേഷന്‍സ് മാനേജര്‍ ഷൈജു തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post