കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാത സര്‍വേ നടത്തി റവന്യൂ ഭൂമി തിട്ടപ്പെടുത്താന്‍ ഉദ്യോഗസ്ഥരില്ലാത്തത് റോഡ് നവീകരണ പ്രവൃത്തിക്ക് തടസ്സമാകുന്നു.12 മീറ്റര്‍ വീതിയില്‍ സംസ്ഥാന പാത നവീകരണ പ്രവൃത്തി സുഗമമായി നടത്താന്‍, സ്വകാര്യ വ്യക്തികള്‍ റോഡ് കൈയേറിയ ഇടങ്ങള്‍ കണ്ടെത്താനായി കൊയിലാണ്ടി-താമരശ്ശേരി താലൂക്കുകളില്‍നിന്നായി നാല് സര്‍വേയര്‍മാരെ നിയോഗിച്ചിരുന്നു.
എന്നാല്‍, ഇവര്‍ക്ക് മറ്റു ചുമതലകള്‍ നല്കി സ്ഥലംമാറ്റിയതോടെ ഭൂസര്‍വേ നടത്താന്‍ ഉദ്യോഗസ്ഥരില്ലാത്ത അവസ്ഥയാണുള്ളത്. സംസ്ഥാന പാതയില്‍ അറപ്പീടിക മരപ്പാലം കലുങ്ക് പുനര്‍ നിര്‍മിക്കുന്നതിനായുള്ള പ്രവൃത്തി കഴിഞ്ഞ ദിവസം തുടങ്ങിയെങ്കിലും ഇവിടെ സര്‍വേ നടത്തി റവന്യൂ ഭൂമി തിട്ടപ്പെടുത്താന്‍ കഴിയാത്തതിനാല്‍ കലുങ്ക് നിര്‍മാണം തടസ്സപ്പെട്ടു.നേരത്തെ ഇവിടെയുണ്ടായിരുന്ന കലുങ്കിന് എട്ടു മീറ്റര്‍ വീതിയാണുണ്ടായിരുന്നത്. കലുങ്കിന്റെ പാര്‍ശ്വഭാഗങ്ങള്‍ സ്വകാര്യ വ്യക്തികള്‍ കൈയേറിയ നിലയിലാണ്.
റവന്യൂ വകുപ്പധികൃതര്‍ സര്‍വേ നടത്തി ഭൂമി തിട്ടപ്പെടുത്തിക്കൊടുത്തില്ലെങ്കില് 12 മീറ്റര്‍ വീതിയില്‍ നവീകരിക്കുന്ന റോഡില്‍ എട്ടു മീറ്റര്‍ വീതിയില്‍ കലുങ്ക് നിര്മിക്കേണ്ടിവരുമെന്നാണ് പണി ഏറ്റെടുത്ത കരാര്‍ കമ്പനിക്കാര് പറയുന്നത്. ഇത് റോഡില്‍ അപാകത സൃഷ്ടിക്കുമെന്നും നടപ്പാതപോലും നിര്‍മിക്കാന്‍ കഴിയില്ലെന്നുമാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.
സ്വകാര്യ വ്യക്തികളുടെ താല്പര്യ പ്രകാരമാണ് സര്‍വേ ഉദ്യോഗസ്ഥരെയടക്കം സ്ഥലംമാറ്റിയതെന്ന ആരോപണവും നാട്ടുകാര്‍ക്കുണ്ട്. എത്രയും വേഗം ഭൂസര്‍വേ നടത്തി റോഡ് നവീകരണ പ്രവൃത്തിയുടെ തടസ്സങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
Post a Comment