വനിതാദിനത്തോടനുബന്ധിച്ച് സത്രീകള്‍ക്കുമാത്രമായി വിനോദയാത്രകള്‍ സംഘടിപ്പിച്ച് കെഎസ്ആര്‍ടിസി. വനിതാ ദിനമായ മാര്‍ച്ച് എട്ട് മുതല്‍ 13-വരെയാണ് വനിതായാത്രാ വാരം നടത്താൻ കെഎസ്ആര്‍ടിസി തീരുമാനിച്ചത്.
അടുത്തകാലത്ത് കെഎസ്ആര്‍ടിസി തുടങ്ങിയ ബജറ്റ് ടൂറിസം സെല്ലാണ് പദ്ധതി നടപ്പാക്കുന്നത്. വനിതാ സംഘടനകള്‍ക്കും ഗ്രൂപ്പുകള്‍ക്കും അവര്‍ ആവശ്യപ്പെടുന്ന വിനോദസഞ്ചാര ട്രിപ്പുകള്‍ ക്രമീകരിച്ച് നല്‍കുന്നതാണ്.
14 ജില്ലകളില്‍നിന്ന് യാത്രകള്‍
പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായി 56 ട്രിപ്പുകളാണ് ക്രമീകരിച്ചിട്ടുണ്ട്. ഏകദിന യാത്രകളാണ് കൂടുതലായുമുള്ളത്. ഇതിനുപുറമേ, ആവശ്യാനുസരണം ദ്വിദിന യാത്രകളും ക്രമീകരിക്കും. എല്ലാ യാത്രകളിലും വനിതാ കണ്ടക്ടര്‍മാരുടെ സേവനം ഉറപ്പാക്കും. കൂടാതെ സുരക്ഷയുടെ ഭാഗമായി വനംവകുപ്പിന്റെ സഹകരണവും ഉറപ്പാക്കും. ഭക്ഷണം ഉള്‍പ്പെടെയുള്ളവ പാക്കേജില്‍ അടങ്ങിയിട്ടുണ്ട്.
കൂടുതല്‍ ബുക്കിങ് കോഴിക്കോട്ട് നിന്ന്
കോഴിക്കോട് ജില്ലയില്‍നിന്നാണ് ഏറ്റവും കൂടുതല്‍ ബുക്കിങ് ലഭിച്ചിട്ടുള്ളത്. താമരശ്ശേരി ഡിപ്പോയില്‍നിന്നാണ് ജില്ലയില്‍ നിന്നുള്ള ടൂര്‍ പാക്കേജുകള്‍ ക്രമീകരിച്ചിട്ടുള്ളത്. ഇതിനോടകം അവിടെനിന്നുമാത്രം 18-ബുക്കിങ് ലഭിച്ചു. താമരശ്ശേരി -തുഷാരഗിരി, താമരശ്ശേരി-നെല്ലിയാമ്പതി, താമരശ്ശേരി -മൂന്നാര്‍ എന്നീ ട്രിപ്പുകളാണ് ഇവിടെനിന്ന് ഓപ്പറേറ്റ് ചെയ്യുന്നത്.
തൊട്ടുപിന്നില്‍ ഏറ്റവുമധികം ബുക്കിങ് ലഭിച്ചത് മലപ്പുറത്തുനിന്നാണ്. 12 ബുക്കിങ് മലപ്പുറത്തുനിന്ന് ലഭിച്ചു. മലപ്പുറം- മൂന്നാര്‍, മലപ്പുറം-മലക്കപ്പാറ, മലപ്പുറം - വയനാട്, മലപ്പുറം - കക്കയംഡാം എന്നീ ട്രിപ്പുകളാണ് ഇവിടെനിന്നുള്ളത്. ഇവ കൂടാതെ പെരിന്തല്‍മണ്ണ -മൂന്നാര്‍, നിലമ്പൂര്‍ - മൂന്നാര്‍, ഹരിപ്പാട് -റോസ്‌മല -പാലരുവി, മാവേലിക്കര-മണ്‍റോ ഐലന്‍ഡ്, തിരുവല്ല-മലക്കപ്പാറ, കണ്ണൂര്‍ - വയനാട് ട്രിപ്പുകള്‍ക്കും ബുക്കിങ് കൂടിവരുന്നുണ്ടെന്ന് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ വി. പ്രശാന്ത് പറഞ്ഞു.
ഇതാദ്യമായാണ് ഒരുസംസ്ഥാനത്തെ പൊതുഗതാഗത സംവിധാനം വനിതാദിനത്തില്‍ സ്ത്രീകള്‍ക്കായി പ്രത്യേക ടൂര്‍ പാക്കേജ് സംഘടിപ്പിക്കുന്നത്.
Post a Comment