മൂരാട് റെയിൽ വേ പാളത്തിൽ വിള്ളൽ ; ഒഴിവായത് വൻ ദുരന്തം


 

മൂരാട് റെയിൽ വേ പാളത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് ഒഴിവായത് വൻ ദുരന്തം . ഇന്നലെ വൈകീട്ട് ആറുമണിയോടെ പാളത്തിൽ വിള്ളൽ കണ്ടെത്തിയത് .റെയിൽ വേ ട്രാക്കിനടുത്ത് കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളാണ് വൈകുന്നേരത്തെ മംഗള സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് കടന്നുപോയ ഉടനെ പാളത്തിൽ തീപ്പൊരി ചിതറുന്നത് കണ്ടത്. തുടർന്ന് കുട്ടികൾ പാളത്തിൽ ചെന്ന് നോക്കിയപ്പോൾ ട്രാക്കിൽ വിള്ളൽ കാണുകയായിരുന്നു. 

ഉടൻ തന്നെ മണിയോത്ത് സഹൽ വടകര റെയിൽവേ സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. മൂരാട് ബ്രദേഴ്‌സ് സ്റ്റോപ്പിനു പിറകിലുള്ള റെയിൽവേ ട്രാക്കിലാണ്‌ വിള്ളൽ കണ്ടെത്തിയത്.

 തുടർന്ന് വടകരയിൽ നിന്ന് ആർ.പി.എഫ്. എ.എസ്.ഐ. ബിനീഷ്, കോൺസ്റ്റബിൾ ഷാജി, എസ്.എസ്. ബാലകൃഷ്ണൻ, ഗാങ്‌മേറ്റ്‌സ് സുരേഷ് ബാബു, നിധീഷ് രാജ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.കൃത്യ സമയത്ത് വിള്ളൽ കണ്ടതിനാൽ ഒഴിവായത് വൻ ദുരന്തമാണ്.

 ഉടനടി താത്കാലികമായി തീവണ്ടികൾ കടത്തിവിടാനുള്ള പ്ലെയിറ്റ് ഘടിപ്പിക്കുകയായിരുന്നു. തീവണ്ടികൾ നിശ്ചിത വേഗത്തിൽ മാത്രമേ പോകാവൂ എന്ന് അറിയിപ്പ് നൽകുകയായിരുന്നു. പാളത്തിലുണ്ടായ വിള്ളലിനെ തുടർന്ന് നേത്രാവതി എക്‌സ്‌പ്രസ് തിക്കോടിയിൽ പിടിച്ചിടേണ്ടി വന്നു. ഇന്ന് പാളം ശരിയാക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post