15 മുതല്‍ 18 വരെ പ്രായമുള്ളവര്‍ക്കുള്ള കോവിഡ് പ്രതിരോധ വാക്സിനേഷന് ജില്ലയില്‍ തുടക്കമായി. വാക്‌സിനേഷന്റെ ജില്ലാതല ഉദ്ഘാടനം കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി ബീച്ച് ജനറല്‍ ആശുപത്രിയില്‍ നിര്‍വ്വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഉമ്മര്‍ ഫാറൂഖ് വി, ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ.ടി.മോഹന്‍ദാസ്, ആശുപത്രി സൂപ്രണ്ട് ഡോ.എന്‍.രാജേന്ദ്രന്‍, ഡോ. ബിന്ദു എ.ബി, ഡോ.ശ്രീജിത്ത് സി.ബി ,ഡോ മുനവര്‍ റഹ്മാന്‍ , ഡോ.വിപിന്‍ വര്‍ക്കി, ഉപജില്ലാ വിദ്യാഭ്യാസ മാധ്യമ ഓഫീസര്‍ കെ.എം.മുസ്തഫ എന്നിവര്‍ സംബന്ധിച്ചു.
15 – 18 പ്രായ വിഭാഗത്തില്‍ പെടുന്നവരുടെ കോവിഡ് കുത്തിവയ്പിനായി ജില്ലയിലെ എല്ലാ സര്‍ക്കാര്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളിലും പ്രത്യേക ക്രമീകരണങ്ങളും സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വാക്സിനേഷന്‍ എല്ലാവരിലുമെത്തുന്നതിലൂടെ കോവിഡിനെതിരെയുള്ള പ്രതിരോധം ശക്തമാക്കാന്‍ കഴിയും. 15നു മുകളില്‍ പ്രായമുള്ളവര്‍ അതത് വാക്സിനേഷന്‍ കേന്ദ്രങ്ങളിലെത്തി കഴിയുന്നത്ര വേഗത്തില്‍ വാക്സിനേഷന്‍ നടത്താന്‍ ശ്രദ്ധിക്കണമെന്ന് ഡിഎംഒ പറഞ്ഞു.
2,300 ഓണ്‍ലൈന്‍ രജിസ്ട്രേഷനുകളാണ് ആദ്യ ദിവസം ഷെഡ്യൂള്‍ ചെയ്തിരുന്നത്. സ്പോട്ട് രജിസ്ട്രേഷനടക്കം ഉച്ചവരെ 1,500 കൗമാരക്കാര്‍ വാക്സിന്‍ സ്വീകരിച്ചു. ഓരോ ദിവസവും മേജര്‍ ആശുപത്രികളില്‍ 200 പേര്‍ക്കും പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ 100 പേര്‍ക്കുമുള്ള വാക്സിനേഷനാണ് ലക്ഷ്യമിടുന്നത്.
എല്ലാ സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും തിങ്കള്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ 15 മുതല്‍ 18 വരെയുള്ളവര്‍ക്കുള്ള വാക്സിനേഷന്‍ ഉണ്ടായിരിക്കും. കോവാക്സിനാണ് നല്‍കുക. സര്‍ക്കാര്‍ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും മറ്റു മേജര്‍ ആശുപത്രികളിലും ഞായര്‍, ബുധന്‍ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും വാക്സിനേഷന്‍ ഉണ്ടായിരിക്കും. ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്കും സ്പോട്ട് രജിസ്ട്രേഷനിലൂടെയും വാക്സിനേഷന്‍ ലഭിക്കും. 18 വയസ്സിനു മുകളിലുളളവര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന്‍ വഴി തിങ്കള്‍ മുതല്‍ ശനി വരെ സര്‍ക്കാര്‍ സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും മേജര്‍ ആശുപത്രികളില്‍ നിന്നും വാക്സിനേഷന്‍ നടത്താം. സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ചൊവ്വ , ബുധന്‍, ശനി ദിവസങ്ങളില്‍ വാക്സിനേഷന്‍ ലഭ്യമാണ്.
Post a Comment