കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ മുഖച്ഛായ മാറ്റുന്ന രീതിയിലുള്ള 35 കോടി രൂപയുടെ പദ്ധതി വേഗത്തിൽ പൂർത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ലക്ഷ്യ നിലവാരത്തിൽ നിർമ്മിച്ച ഗൈനക്കോളജി ബ്ലോക്കിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 35 കോടി രൂപക്ക് കിഫ്‌ബി അനുമതി ലഭ്യമായി. ആശുപത്രിയിൽ നിലവിലുള്ള കെട്ടിടങ്ങൾ പൊളിച്ചുമാറ്റി പുതിയത് നിർമ്മിക്കാനാണ് തീരുമാനം. നിലവിൽ രോഗികൾ ചികിത്സയിലുള്ളതിനാൽ കൃത്യമായ ആസൂത്രണത്തോടെ സമയബന്ധിതമായി പ്രവൃത്തി പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ആശുപത്രികളിൽ കെട്ടിടങ്ങൾ മാത്രം പോര, നല്ല രീതിയിലുള്ള ഉപകരണങ്ങളും വേണം. അവ നല്ല രീതിയിൽ ഉപയോഗിക്കാൻ ഉദ്യോഗസ്ഥർക്ക് സർക്കാർ തലത്തിൽ പരിശീലനം നൽകുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു. സൂപ്പർ സ്പെഷാലിറ്റി സേവനങ്ങൾ സെക്കൻഡറി തലത്തിൽ കൊടുക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. നല്ല ചികിത്സയോടൊപ്പം തന്നെ മികച്ച രോഗപ്രതിരോധശേഷിയും ഓരോരുത്തർക്കും ഉണ്ടാവുന്നതിന് പൊതു ബോധവൽക്കരണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ലക്ഷ്യപദ്ധതി പ്രകാരം 1.77 കോടി രൂപ ചെലവിലാണ് ഗൈനക്കോളജി ബ്ലോക്ക് നിർമ്മാണം പൂർത്തീകരിച്ചത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് സജ്ജമാക്കിയത്. പുതിയ ബ്ലോക്കിൽ രണ്ടാംനിലയിലാണ് ഗൈനക്കോളജി ഡിപ്പാർട്ട്മെന്റ്. വെയിറ്റിങ് ഏരിയ, ലേബർ റൂം, ഡോക്ടർ റൂം, ഓപ്പറേഷൻ തിയേറ്റർ, നവജാത ശിശുക്കളെ പരിചരിക്കാനുള്ള പ്രത്യേക വിഭാഗം എന്നിവ ഒരുക്കിയിട്ടുണ്ട്.
ചടങ്ങിൽ കാനത്തിൽ ജമീല എംഎൽഎ അധ്യക്ഷത വഹിച്ചു.നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട്, വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില, വാർഡ് കൗൺസിലർ എ.അസീസ് മാസ്റ്റർ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി.ആർ രാജു, മുൻ എം.എൽ.എ കെ.ദാസൻ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ.നവീൻ എ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഷീല ഗോപാലകൃഷ്ണൻ, വിവിധ രാഷ്ട്രീയ പാർട്ടികൾ പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഉമർ ഫാറൂഖ് റിപ്പോർട്ട് അവതരിപ്പിച്ചു.
Post a Comment