സര്‍ക്കാര്‍ ജീവനക്കാര്‍ മനുഷ്യാവകാശ സംരക്ഷണത്തില്‍ ബോധവാന്‍മാരാകണം : കെ.ബൈജു നാഥ്



സര്‍ക്കാര്‍ ജീവനക്കാര്‍ മനുഷ്യാവകാശ സംരക്ഷണത്തില്‍ ബോധവാന്‍മാരാകണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ.ബൈജു നാഥ് പറഞ്ഞു.   മനുഷ്യാവകാശ കമ്മീഷന്‍ നടപടിക്രമങ്ങളെക്കുറിച്ച്  സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടം സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതിക്കെതിരെയുള്ള പോരാട്ടം മനുഷ്യാവകാശ സംരക്ഷണ പ്രവര്‍ത്തനമായി കണക്കാക്കണമെന്ന് അദ്ദേഹം പറഞ്ഞു.  അഴിമതിഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ്.  ഓഫീസ് തലവന്‍മാരുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം. പൊതുജനങ്ങളോട് ഇടപെടുമ്പോള്‍ ബഹുമാനവും പരിഗണനയും ജീവനക്കാര്‍ നല്‍കണം.  മനുഷ്യന്റെ ജീവന്‍, സ്വാതന്ത്ര്യം, സമത്വം, അന്തസ് ഇവയെ ബാധിക്കുന്ന എല്ലാം മനുഷ്യാവകാശ ലംഘനമാണ്.  
നല്ല ഭക്ഷണം, വായു, ജലം, റോഡ്, വിദ്യാഭ്യാസം തുടങ്ങി എല്ലാം മനുഷ്യവകാശത്തില്‍ ഉള്‍പ്പെടുന്നതാണ്.

കരുണയുള്ള കണ്ണിലൂടെ എല്ലാവരെയും കാണാന്‍ കഴിയണം.  പാവപ്പെട്ടവന്റെ വിയര്‍പ്പിന്റെ വിലയാണ് ഉദ്യോഗസ്ഥര്‍ കൈപ്പറ്റുന്ന ശമ്പളമെന്ന ബോധം എന്നുമുണ്ടാവുകയും ഉദ്യോഗസ്ഥന്റെ വാക്കിലും നോട്ടത്തിലും കേള്‍വിയിലും നന്‍മ സൃഷ്ടിക്കപ്പെടുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.

മനുഷ്യാവകാശ സംരക്ഷണത്തിന്റെ പ്രാധാന്യവും നടപടി ക്രമങ്ങളും ഉദ്യോഗസ്ഥ തലത്തില്‍ എത്തിക്കാന്‍ പരിശ്രമിച്ച കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡിയെ അദ്ദേഹം അഭിനന്ദിച്ചു.

കേരളത്തിലെ ഉദ്യോഗസ്ഥര്‍ ജനകീയമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കലക്ടര്‍ ഡോ.എന്‍.തേജ്  ലോഹിത് റെഡ്ഡി അധ്യക്ഷ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.  മനുഷ്യാവകാശ സംരക്ഷണമെന്നത് താഴെ തട്ടിലുള്ള ജനങ്ങളിലും എത്തണമെന്നും അദ്ദേഹം പറഞ്ഞു.  

എ.ഡി.എം സി.മുഹമ്മദ് റഫീഖ്, സബ് കലക്ടര്‍ വി.ചെല്‍സാ സിനി, ഡിസിപി സ്വപ്നില്‍ എം മഹാജന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അഷ്‌റഫ് കാവില്‍,  ഡെപ്യൂട്ടി കലക്ടര്‍മാരായ ഷാമിന്‍ സെബാസ്റ്റ്യന്‍, ഇ.അനിതകുമാരി, വടകര ആര്‍ഡിഒ സി.ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post