മുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍


മുല്ലപ്പെരിയാര്‍ അണക്കെട്ടിന് പരിസരത്തെ മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. ബുധനാഴ്ച വൈകീട്ട് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ നേരത്തെ മരവിപ്പിച്ച ഉത്തരവാണ് ഇപ്പോള്‍ സര്‍ക്കാര്‍ റദ്ദാക്കിയത്. 

മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ 15 മരങ്ങള്‍ മുറിക്കാനാണ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയത്. ഇതുവിവാദമായതോടെ ഉത്തരവ് റദ്ദാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. ഉത്തരവ് റദ്ദാക്കുന്നതില്‍ നിയമപരമായി തടസമില്ലെന്നാണ് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് നല്‍കിയ നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനം. ഉത്തരവ് മരവിപ്പിച്ചാല്‍ പോര, റദ്ദാക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിരുന്നു. 

ഇതിനിടെ വിവാദ ഉത്തരവിറക്കിയ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. മുഖ്യമന്ത്രിയും വനംമന്ത്രിയും അറിയാതെ ഉത്തരവിറക്കിയതിനാണ് നടപടി. വിഷയത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടെന്ന സര്‍ക്കാര്‍ വിലയിരുത്തലിന് പിന്നാലെയാണ് നടപടി. പിസിസിഎഫ് റാങ്കിലുള്ള ബെന്നിച്ചന്‍ തോമസ് വനംവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളാണ്. മറ്റു ഉദ്യോഗസ്ഥര്‍ക്ക് വിഷയത്തില്‍ പങ്കുണ്ടോയെന്ന് പരിശോധിക്കാന്‍  മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

Post a Comment

Previous Post Next Post