അണക്കെട്ട് ഇല്ലാതെ ജലവൈദ്യുത പദ്ധതിയുമായി KSEB; ജലസേചന കനാലുകളിൽ നിന്ന് വൈദ്യുതി

വൈദ്യുത ഉല്പാദന രംഗത്ത് നൂതന ആശയവുമായി സംസ്ഥാന സർക്കാർ. ജലസേചനത്തിനായി നിർമ്മിച്ച കനാലുകളിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം. വെള്ളം ഒഴുക്കിനെ കാര്യമായി തടസ്സപ്പെടുത്താതെ ടർബൈൻ കറക്കി വൈദ്യുതി ഉത്പാദിപ്പിക്കും. നിലവിലുള്ള ജലവൈദ്യുത പദ്ധതികളിലെ പവർഹൗസുകൾ നിന്നും വൈദ്യുത ഉല്പാദനത്തിന് ശേഷം പുറംതള്ളുന്ന വെള്ളവും ഈ സാധ്യതക്കായി പ്രയോജനപ്പെടുത്തും. ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ തന്നെ സ്ഥാപിക്കാൻ കഴിയുന്ന ഇത്തരം പദ്ധതിക്ക് പാരിസ്ഥിതിക ആഘാതം ഒട്ടും തന്നെ ഇല്ല എന്നതാണ് പ്രത്യേകത.

ജലസേചനത്തിന് ഉപയോഗിക്കുന്ന വെള്ളത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുക എന്ന ആശയം കേരളത്തിൽ ഇത് ആദ്യമാണ്. 10,000 കിലോമീറ്ററോളം ദൈർഘ്യമുള്ള ജലസേചന കനാലുകൾ കേരളത്തിൽ ഉണ്ട്. ഈ കനാലുകളുടെ വിവിധ ഇടങ്ങളിൽ ഇത്തരം ടർബൈനുകൾ കറക്കിയാൽ വൈദ്യുതി ഉത്പാദിപ്പിക്കാം. ജലസേചന കനാലുകൾക്കു പുറമേ പവർഹൗസുകൾ നിന്നും പെൻസ്റ്റോക്ക് വഴി പുറത്തേക്ക് കളയുന്ന വെള്ളത്തിലും ഇത്‌ സ്ഥാപിക്കാം. വെള്ളം തടഞ്ഞു നിർത്തേണ്ട ആവശ്യം ഇല്ലാത്തതിനാൽ ഡാമുകളുടെ പാരിസ്ഥിതിക പ്രശ്നങ്ങൾ ഇല്ല. ജലം ഒഴുക്കിനെ കാര്യമായി തടസ്സപ്പെടുത്താത്ത തരത്തിലാവും സ്ഥാപിക്കുക.

150 മെഗാവാട്ട് ഉൽപ്പാദനം

ഇത്തരം ചെറുകിട ജലവൈദ്യുത പദ്ധതികളിലൂടെ 150 മെഗാവാട്ട് അധികം ഉല്പാദനം സാധ്യമാണ് എന്നാണ് പ്രതീക്ഷ. ഉപഭോഗ വൈദ്യുതിയുടെ ബഹുഭൂരിപക്ഷതിനും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് ഇത്തരം ആശയങ്ങൾ വലിയ നേട്ടമാണ്. ആതിരപ്പള്ളി പോലെ വൻകിട പദ്ധതികൾ തർക്കത്തിൽ കുടുങ്ങുമ്പോൾ ഒട്ടുമേ തന്നെ പാരിസ്ഥിതിക ആഘാതം ഇല്ലാത്ത ഇത്തരം പദ്ധതികൾക്ക് കൂടുതൽ പ്രസക്തിയുണ്ട്.

Post a Comment

Previous Post Next Post