കൊയിലാണ്ടി: ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ നൂറ്റി ആറാം ജന്മദിനത്തില്‍ കഥകളി വിദ്യാലയം ജന്മ സ്മൃതി പരിപാടി സംഘടിപ്പിച്ചു. ഓണ്‍ലൈനായി നടന്ന പരിപാടിയുടെ ഉദ്ഘാടനം കേരള സംസ്ഥാന വനം വകുപ്പു മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു . ഒരു ജന്മം മുഴുവന്‍ കലാസപര്യയ്ക്കു വേണ്ടി ഉഴിഞ്ഞ് വെച്ച് മാതൃക കാണിച്ച മഹാനായ കലാകാരനായിരുന്നു പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ എന്ന് അദ്ദേഹം ഓര്‍മ്മിച്ചു . ഗുരുവിന് പകരം വെക്കാന്‍ അതു പോലെ മറ്റൊരാള്‍ ഇനിയുമുണ്ടാകുമോ എന്നു പറയാനാവില്ലെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
കഥകളിയുടെ വടക്കന്‍ ചിട്ടയുടെ പ്രചാരകനായ ഗുരു കലാകാരനെന്നതിലുപരി ഈ ലോകം മുഴുവന്‍ മാതൃകയാക്കേണ്ട എളിയ ജീവിതം നയിച്ച മഹാനായിരുന്നുവെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ വടകര എം പി കെ മുരളീധരന്‍ പറഞ്ഞു.കലാകേരളത്തിന് ഗുരു നല്‍കിയ മഹത്തായ സേവനത്തെ വിലമതിക്കുന്ന ഒരു സ്മാരകം ജന്മഗ്രാമത്തില്‍ തന്നെ നിര്‍മ്മിക്കുമെന്ന് കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല പ്രഖ്യാപിച്ചു.ഗുരുവിന്റെ നൂറ്റി ആറാം പിറന്നാളിനോടനുബന്ധിച്ചു കഥകളി വിദ്യാലയം സംഘടിപ്പിച്ച ജന്മസ്മൃതി പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ അദ്ധ്യക്ഷ ഭാഷണം നടത്തുകയായിരുന്നു അവര്‍. ഗുരുവിന്റെ കലാജീവിതത്തെ സ്മരിച്ചു കൊണ്ട് പത്മശ്രീ കലാമണ്ഡലം ഗോപി, പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി,കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍,കലാമണ്ഡലം ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.കഥകളി വിദ്യാലയം പ്രസിഡണ്ട് വിജയരാഘവന്‍ ചേലിയ സ്വാഗതവും സെക്രട്ടറി പ്രശോഭ് ജ്യോതിസ് നന്ദിയും പറഞ്ഞു.രാവിലെ ഗുരുവിന്റെ ഗൃഹാങ്കണത്തിലെ സ്മൃതി മണ്ഡപത്തില്‍ സാമൂഹിക - സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആദരാഞ്ജലികളര്‍പ്പിച്ചു. തുടര്‍ന്ന് കഥകളി വിദ്യാലയം ഹാളില്‍ ഗുരുവിന്റെ ഛായാപടത്തിനു മുന്നില്‍ ജനപ്രതിനിധികളും സാംസ്‌കാരിക പ്രവര്‍ത്തകരും കുടുംബാംഗങ്ങളും പുഷ്പാര്‍ച്ചന നടത്തി. കൊയിലാണ്ടി നിയോജക മണ്ഡലം എം എല്‍ എ കാനത്തില്‍ ജമീല നേതൃത്വം നല്‍കിയ പരിപാടിയില്‍ ഗുരുവിന്റെ സതീര്‍ഥ്യനും പ്രമുഖ തബല വാദകനുമായ ശിവദാസ് ചേമഞ്ചേരി, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബുരാജ്, മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട്, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയില്‍, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ടി എം കോയ, പഞ്ചായത്ത് അംഗങ്ങളായ ടി കെ മജീദ്, കെ എം മജു, പൂക്കാട് കലാലയം പ്രസിഡണ്ട് യു കെ രാഘവന്‍, പ്രശോഭ് ജ്യോതിസ്, ശശി നന്ദനം തുടങ്ങിയവര്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് സംസാരിച്ചു.

Post a Comment