കോഴിക്കോട്: വാഹനരജിസ്ട്രേഷന്‍ പുതുക്കലും ഫിറ്റ്നസ് ടെസ്റ്റുകളും കോഴിക്കോട് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിനുകീഴിലുള്ള ചേവായൂര്‍ ടെസ്റ്റ് ഗ്രൗണ്ടില്‍ തിങ്കളാഴ്ച മുതല്‍ തുടങ്ങി.
തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ഓട്ടോറിക്ഷകള്‍ക്കും ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മറ്റുവിഭാഗത്തില്‍പ്പെട്ട വാഹനങ്ങള്‍ക്കും സേവനം ലഭ്യമാകും. ആവശ്യക്കാര്‍ വാഹന്‍ പോര്‍ട്ടലില്‍ സിറ്റിസണ്‍സ് കോര്‍ണര്‍ വിന്‍ഡോയില്‍നിന്ന് അപ്പോയ്ന്‍മെന്റ് എടുത്ത് ടോക്കണ്‍സഹിതം വരണം. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഒറ്റ അക്കത്തില്‍ അവസാനിക്കുന്ന രജിസ്ട്രേഷന്‍ നമ്പറിലുള്ള വാഹനങ്ങളും വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഇരട്ട അക്കത്തില്‍ അവസാനിക്കുന്ന രജിസ്ട്രേഷന്‍ നമ്പറിലുളള വാഹനങ്ങളും ഹാജരാക്കാം.
രജിസ്ട്രേഷന്‍ നമ്പറിലെ അവസാന അക്കമാണ് കണക്കാക്കേണ്ടത്. സേവനങ്ങള്‍ക്കായി ഹാജരാക്കുന്ന വാഹനങ്ങളും ഡ്രൈവര്‍മാരും കോവിഡ് മാനദണ്ഡം പാലിച്ചുമാത്രമേ ഗ്രൗണ്ടില്‍ പ്രവേശിക്കാവൂവെന്ന് ആര്‍.ടി.ഒ. ഇ. മോഹന്‍ദാസ് അറിയിച്ചു. ഡ്രൈവിങ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ കളക്ടറുടെ അനുമതി ലഭിച്ചാലുടനെ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.


Post a Comment