ഇലക്ട്രിക്ക് വാഹനങ്ങൾ ഇന്ത്യൻ നിരത്തുകളിൽ സജ്ജീവമായി കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഇതാ ഇലക്ട്രിക്ക് വാഹന രംഗത്ത് പുത്തൻ താരോദയമായി മാറിയിരിക്കുകയാണ് മലയാളികൾ വികസിപ്പിച്ച ഇ-സ്കൂട്ടർ. ഒറ്റ ചാർജിൽ 220 കിലോമീറ്റർ മൈലേജുള്ള വാഹനം ഉടൻ വിപണിയിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് ആലപ്പുഴ കായംകുളം സ്വദേശി അഖിൽ രാജും സുഹൃത്ത് അനന്തു സുനിലും. വൈദ്യുത വിഭാഗത്തിൽ ഏറ്റവും മൈലേജുള്ള വാഹനമാണിത്. ഈ വാഹനത്തിന്റെ മൂന്ന് വേരിയെന്റുകളാണ് വിപണയിൽ എത്തിക്കുന്നത്.
മെക്കാനിക്കൽ എൻജിനീയറായ അഖിലാണ് ഈ സ്കൂട്ടറിന് പിന്നിൽ പ്രവർത്തിച്ചത്. 2017 ൽ ബംഗളുരു ആസ്ഥാനമായി അഖിൽ ‘ഫ്‌ളയർ ടെക്ക്’ എന്ന വെഹിക്കിൾ സർവീസ് സംരംഭത്തിന് രൂപം നൽകി. ഹാർലി ഡേവിഡ്സൺ മുതൽ എല്ലാ ഇരു ചക്രവാഹനങ്ങളും സർവീസ് നൽകുന്ന ഫ്‌ളയർ ടെക്ക് ഇന്ത്യയിലെ തന്നെ മുൻ പന്തിയിൽ നിൽക്കുന്ന സർവീസ് കമ്പനികളിൽ ഒന്നാണ്.
2020ലാണ് അഖിൽ ടി.എക്‌സ്.9റോബോ(tx9robo) എന്ന ആശയം തന്റെ സുഹൃത്തായ അനന്തു സുനിലുമായി ചേർന്ന് ആരംഭിക്കുന്നത്. കൊവിഡ് സാഹചര്യം നിലനിൽക്കുമ്പോഴും വൈദ്യുത വാഹന മേഖലയിലെ വിപണി സാധ്യത മുന്നിൽ കണ്ട് അഖിലിന്റെ സ്വപ്‌ന പദ്ധതിയിലേക്ക് ഗ്യാലക്‌സി ഗ്രൂപ്പ് ചെയർമാൻ സുനിൽകുമാർ പിന്തുണ നൽകി. ശേഷം ടി.എക്‌സ്.9റോബോയുടെ ഇൻഫ്രാസ്ട്രക്ച്ചർ കർണാടകയിൽ ഡെവലപ്പ് ചെയ്യുകയും ഇന്ത്യയിലെ പ്രമുഖ വാഹന നിർമാണ കമ്പനികളിൽ ചുമതല വഹിച്ചിരുന്നവർ ടി.എക്‌സ്.9റോബോയുടെ ഭാഗമാവുകയുമായിരുന്നു.


Post a Comment