ന്യൂഡല്‍ഹി: വ്യാജസന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന കോളുകള്‍ക്കും എസ്.എം.എസുകള്‍ക്കും എതിരേ ശക്‌തമായ നടപടിക്കൊരുങ്ങി ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ്(ഡി.ഒ.ടി). ഇത്തരം നടപടികളില്‍ 10,000 രൂപ പിഴ ഈടാക്കാനാണു തീരുമാനം. 50 തവണയില്‍ കൂടുതല്‍ പരാതി ഉയര്‍ന്നാലാകും നടപടിയെടുക്കുക.
തെറ്റായ തലക്കെട്ട് ഉപയോഗിച്ച് എസ്.എം.എസ്. അയക്കുന്ന ഏതൊരാള്‍ക്കും ചട്ടലംഘനത്തിന് 1,000 മുതല്‍ 10,000 രൂപ വരെ പിഴ ഈടാക്കും. കൂടാതെ ലംഘനങ്ങളുടെ എണ്ണം അനുസരിച്ച് അയച്ച മൊബൈല്‍ നമ്ബര്‍ അല്ലെങ്കില്‍ അയച്ചയാളുടെ ഐഡി സ്‌ഥിരമായി സസ്‌പെന്‍ഡ് ചെയ്യുമെന്നും വകുപ്പ് വ്യക്‌തമാക്കി. 0- 10 വരെയുള്ള ഓരോ വ്യാജ ഇടപെടലിനും 1000 രൂപയും 10- 50 വരെയുള്ള ഇടപെടലുകള്‍ക്കു 5000 രൂപയുമാകും പിഴ ഈടാക്കുക.പിന്നീടുള്ള ഒരോ ഇടപെടലിനും 50,000 രൂപ പിഴ ഈടാക്കും.
നടപടികള്‍ ഏകോപിപ്പിക്കുന്നതിനു കേന്ദ്ര തലത്തില്‍ ഒരു ഡേറ്റാ ഇന്റലിജന്‍സ് യൂണിറ്റ് സ്‌ഥാപിക്കും. ടെലികോം സേവനങ്ങള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ കണ്ടെത്തുക, ഉപഭോക്‌തൃ പരാതികള്‍ നിരീക്ഷിക്കുക, വ്യാജ ഐഡി തെളിവുകള്‍ ഉപയോഗിച്ച് നേടിയ സിം കാര്‍ഡുകള്‍ കണ്ടെത്തുക, മൊബൈല്‍ നമ്ബര്‍ പോര്‍ട്ടബിലിറ്റി തട്ടിപ്പുകള്‍ കണ്ടെത്തുക, പരാതികള്‍ യഥാസമയം പരിഹരിക്കുക എന്നിവയാകും ഈ കേന്ദ്രം നിരീക്ഷിക്കുക.
വ്യാജമെന്നു തോന്നുന്ന ഇടപെടലുകളുടെ ഉറവിടങ്ങളലേക്ക് കേന്ദ്രത്തില്‍നിന്ന് വേരിഫിക്കേഷന്‍ മെസേജ് അയയ്‌ക്കും. കൃത്യമായ മറുപടി ലഭിച്ചില്ലെങ്കില്‍ ഇത്തരം അക്കൗണ്ടുകളും ഐ.എം.ഇ.ഐയും സസ്‌പെന്‍ഡ് ചെയ്യും. ഇവര്‍ക്ക് കോള്‍, എസ്.എം.എസ്, ഡേറ്റ സേവനങ്ങള്‍ തുടര്‍ന്നു ലഭിക്കില്ല. റീവേരിഫിക്കേഷന്‍ നടക്കുന്നതു വരെ ഈ കേന്ദ്രം ഉപയോഗിക്കുന്ന മറ്റു ഐ.എം.ഇ.ഐകളും നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തും.
റീവേരിഫിക്കേഷനു ശേഷം തുറക്കുന്ന ഇത്തരം അക്കൗണ്ടുകള്‍ക്കു ആറു മാസത്തേയ്‌ക്കു ദിനംപ്രതി 20 കോളുകളും എസ്.എം.എസുകളുമാകും ഉപയോഗിക്കാനാകുക. തട്ടിപ്പ് വീണ്ടും തുടര്‍ന്നാല്‍ സിം എടുക്കാനുപയോഗിച്ച ഐഡി രണ്ടുവര്‍ഷത്തേക്ക് തടയും.കോവിഡും വര്‍ക്ക് ഫ്രം ഹോമും വര്‍ധിച്ചതോടെ ഇത്തരം തട്ടിപ്പുകളും വന്‍ തോതില്‍ വര്‍ധിച്ചതു ശ്രദ്ധയില്‍ പെട്ടതാണു പുതിയ നിയമത്തിന് ആധാരം. ഉപഭോക്‌താക്കള്‍ക്ക് അനധികൃത കണക്ഷനുകളില്‍ പരാതികള്‍ രജിസ്‌റ്റര്‍ ചെയ്യുന്നതിനുള്ള ഒരു വെബ്‌സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും ഉടന്‍ പുറത്തിറക്കുമെന്നും വകുപ്പ് വ്യക്‌തമാക്കി.


Post a Comment