വി.വി പ്രകാശിന്റെ വേര്‍പാടില്‍ അനുശോചിച്ച് നേതാക്കള്‍

കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ സൗമ്യമുഖങ്ങളില്‍ ഒന്നാണ് വി.വി പ്രകാശിന്റെ വേര്‍പാടോടെ നഷ്ടമായത്. ഒരിക്കലും ‘ഷോമാന്‍’ ആകാന്‍ ശ്രമിക്കാത്ത പ്രവര്‍ത്തകര്‍ക്കിടയില്‍ സജീവമായിരുന്ന നേതാവ്. മലപ്പുറം ജില്ലയിലും മലബാറിലും പാര്‍ട്ടി വളര്‍ത്താനും യുവനേതാക്കളെ കണ്ടെത്താനും അവരെ നേതൃത്വത്തിലേക്ക് കൊണ്ടുവരാനും ശ്രമിച്ച പ്രകാശ് പാര്‍ട്ടിക്കാര്‍ക്ക് എപ്പോഴും പ്രാപ്യനായിരുന്നു. വി.വി പ്രകാശിന്റെ അപ്രതീക്ഷിത വിയോഗം കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കളെ ഉലച്ചുകളഞ്ഞു.

ഞായറാഴ്ച എംഎല്‍എയായി തിരഞ്ഞെടുക്കപ്പെടുന്നത് കാണാന്‍ പ്രകാശില്ലല്ലോ എന്നാണ് പല നേതാക്കളും അഭിപ്രായപ്പെട്ടത്. പ്രകാശിലൂടെ കോണ്‍ഗ്രസ് സീറ്റ് തിരിച്ചുപിടിക്കുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു എല്ലാ നേതാക്കളും. ജനവിധി അനുകൂലമായാലും പ്രതികൂലമായാലും അതറിയാന്‍ കാത്തുനില്‍ക്കാതെ പ്രകാശ് വിട്ടുപിരിഞ്ഞു.

മലപ്പുറത്ത് കോണ്‍ഗ്രസ്-ലീഗ് ബന്ധത്തില്‍ ഉണ്ടായ ഭിന്നത പരിഹരിക്കാന്‍ മുന്‍കൈ എടുത്ത് ഊഷ്മള ബന്ധം സൃഷ്ടിച്ചത് പ്രകാശ് ഡിസിസി പ്രസിഡന്റായി എത്തിയതോടെയാണ്. ഈ തിരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ഥിയെന്ന നിലയിലാണ് ലീഗ് പ്രവര്‍ത്തകര്‍ പ്രകാശിനായി പ്രചാരണത്തില്‍ സജീവമായതെന്ന് നേതാക്കള്‍ പറയുന്നു. കെ.സി വേണുഗോപാലും വി.ഡി സതീശനും ഒക്കെ അടങ്ങുന്ന കോണ്‍ഗ്രസിലെ രണ്ടാം നിര നേതാക്കളിലെ പ്രധാനിയായിരുന്നു പ്രകാശ്. എന്നും ഉറച്ച എ ഗ്രൂപ്പുകാരന്‍. ആന്റണിയുടേയും ഉമ്മന്‍ ചാണ്ടിയുടേയും ജില്ലയിലെ വിശ്വസ്തന്‍. കഴിഞ്ഞതവണ വയനാട് പാര്‍ലമെന്റ് സീറ്റിലേക്ക് ടി.സിദ്ദിഖിനൊപ്പം വി.വി പ്രകാശിന്റെ പേരും ചര്‍ച്ചയിലുണ്ടായിരുന്നു. 2011 ല്‍ തവനൂരില്‍ കെ.ജി ജലീലിനെതിരെ മത്സരിച്ചിരുന്നു. സീറ്റ് നിര്‍ണയം ഏറെ വൈകിയെങ്കിലും ഇത്തവണ സ്വന്തം നാട്ടില്‍ തന്നെ മത്സരിക്കാന്‍ വി.വി പ്രകാശിന് പാര്‍ട്ടി സീറ്റ് നല്‍കി. ഏതായാലും ഞായറാഴ്ച വോട്ടെണ്ണുമ്പോള്‍ ജനഹിതം അറിയാന്‍ പ്രകാശ് കാത്തുനിന്നില്ല.

Post a Comment

Previous Post Next Post