ആരാധനാലയങ്ങളില്‍ കര്‍ശന നിയന്ത്രണം അനിവാര്യമാണെന്ന് ജില്ലാ കലക്ടര്‍

കോഴിക്കോട്: ജില്ലയില്‍ കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ എല്ലാ മതവിഭാഗങ്ങളുടേയും ആരാധനാലയങ്ങളില്‍ കര്‍ശന നിയന്ത്രണം അനിവാര്യമാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. വിവിധ മത മേധാവികളുമായി ഓണ്‍ലൈനായി നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫിര്‍ അഹമ്മദ് യോഗത്തില്‍ സന്നിഹിതനായിരുന്നു.

സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള ജില്ലകളിലൊന്നായി കോഴിക്കോട് ജില്ല മാറിയിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന നിയന്ത്രണങ്ങള്‍ പാലിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഗുരുതരമായ സാഹചര്യം അഭിമുഖീകരിക്കേണ്ടിവരും. കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള കോവിഡ് രോഗികള്‍ക്ക് കൂടി ചികിത്സാ സൗകര്യങ്ങള്‍ പങ്കിടേണ്ട ബാധ്യത ജില്ലയിലെ ആശുപത്രികള്‍ക്കുണ്ട്. കൃത്യ സമയത്ത് ഓക്‌സിജന്‍ എത്തിക്കാന്‍ സാധിക്കാത്ത പ്രതിസന്ധി ഇപ്പോള്‍ തന്നെ ജില്ലയിലെ ചില സ്വകാര്യ ആശുപത്രികള്‍ നേരിടുന്നുണ്ട്. ജില്ല കൂടുതല്‍ പ്രതിസന്ധിയിലേക്ക് പോവാതിരിക്കാനുള്ള മുന്‍കരുതല്‍ മുഴുവന്‍ ജനങ്ങളും ഏറ്റെടുക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ജില്ലയില്‍ ഇനിയും രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചാല്‍ പരിഹരിക്കാനാവാത്ത പ്രതിസന്ധി നേരിടേണ്ടി വരുമെന്നും കലക്ടര്‍ പറഞ്ഞു.

Post a Comment

Previous Post Next Post