കുപ്പി​വെള്ളത്തിൽ രാസവസ്തുക്കൾ: ബിസ്‌ലേരിക്കെതിരെ നടപടിക്ക് എഫ്.എസ്.എസ്.എ.ഐ, വിശദീകരണവുമായി കമ്പനി.

ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കൾ അനുവദനീയമായതിലും കൂടുതൽ അളവിൽ കണ്ടെത്തിയതിനെ തുടർന്ന് പ്രമുഖ കുപ്പിവെള്ള കമ്പനിയായ ബിസ്‌ലേരിക്കെതിരെ നിയമനടപടിക്ക് ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി (എഫ്.എസ്.എസ്.എ.ഐ). കമ്പനിയുടെ കുപ്പിവെള്ള സാമ്പിൾ നിശ്ചിത സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും ഉപയോഗത്തിന് സുരക്ഷിതമല്ലെന്നും കണ്ടെത്തിയതിനെ തുടർന്നാണ് 2006ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം നടപടിയെടുക്കാൻ എഫ്.എസ്.എസ്.എ.ഐ അനുമതി നൽകിയത്. 

മറ്റ് കുപ്പിവെള്ള ബ്രാൻഡുകളുടെ സാമ്പിളുകളും കർശനമായി പരിശോധിക്കാൻ അതോറിറ്റി തീരുമാനിച്ചു. ഇതിെന്റ ഭാഗമായി വിവിധ കുപ്പിവെള്ള ബ്രാൻഡുകളുടെ സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറി പരിശോധനക്ക് അയച്ചിട്ടുണ്ട്. മാനദണ്ഡങ്ങൾ ലംഘിക്കുന്ന കമ്പനികൾക്കെതിരെ നടപടിയെടുക്കുമെന്നും അതോറിറ്റി അറിയിച്ചു. 

ബിസ്‌ലേരിയുടെ നിർമാണ കേന്ദ്രത്തിൽ നിന്ന് ശേഖരിച്ച കുപ്പിവെള്ള സാമ്പിളിൽ അനുവദനീയമായ അളവിലും കൂടുതൽ ബ്രോമേറ്റ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് സാമ്പിൾ സുരക്ഷിതമല്ലെന്ന് എഫ്.എസ്.എസ്.എ.ഐ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ കമ്പനി അപ്പീൽ നൽകിയതോടെ റഫറൽ ലാബിലെ പരിശോധനയിൽ വെള്ളത്തിൽ അപകടകരമായ മറ്റ് രാസവസ്തുക്കളുടെ സാന്നിധ്യവും സ്ഥിരീകരിച്ചു.  

എന്നാൽ, തങ്ങളുടെ കുപ്പിവെള്ളം പൂർണമായും സുരക്ഷിതമാണെന്ന് ബിസ്‌ലേരി വ്യക്തമാക്കി. 2025 സെപ്റ്റംബറിൽ ഗോവയിലെ നിർമാണശാലയിൽ നിന്ന് ശേഖരിച്ച ആറ് സാമ്പിളുകളിൽ ഒന്നിൽ മാത്രമാണ് ചെറിയ വ്യത്യാസം കണ്ടെത്തിയതെന്നാണ് കമ്പനിയുടെ അവകാശവാദം. തുടർപരിശോധനകളിൽ ഈ രാസവസ്തുക്കളുടെ അളവ് സുരക്ഷിതമായ പരിധിക്കുള്ളിലാണെന്ന് തെളിഞ്ഞിരുന്നു.  രണ്ട് പരിശോധനാ ഫലങ്ങളിലെയും വൈരുധ്യം ചൂണ്ടിക്കാട്ടി 2026 ഫെബ്രുവരിയിൽ വിശദീകരണം നൽകിയിരുന്നതായും പിന്നീട് മറുപടിയൊന്നും ലഭിക്കാത്തതിനാൽ കേസ് അവസാനിപ്പിച്ചെന്നാണ് കരുതിയതെന്നും കമ്പനി അറിയിച്ചു. 90ലധികം ഗുണനിലവാര പരിശോധനകൾക്ക് ശേഷമാണ് തങ്ങൾ വെള്ളം വിപണിയിലെത്തിക്കുന്നതെന്നും കമ്പനി കൂട്ടിച്ചേർത്തു.

Post a Comment

Previous Post Next Post