വലയിൽ കുടുങ്ങി ആർട്ടിലറി ഷെൽ; ബോംബ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി പരിശോധിച്ചു.

പുതിയാപ്പ തുറമുഖത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടുകാരുടെ വലയിൽ ആർട്ടിലറി ഷെൽ കുടുങ്ങി. തുടർന്ന് തുറമുഖത്ത് എത്തിച്ചതോടെ, ഷെൽ സംബന്ധിച്ച് വിവരം ലഭിച്ചതോടെ പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ഈ മാസം ഒമ്പതിന് കടലിൽ വല വീശുന്നതിനിടെയാണ് ‘രാജലക്ഷ്മി’ എന്ന ബോട്ടിലെ ബൈജു എന്ന മത്സ്യത്തൊഴിലാളിയുടെ വലയിൽ ഷെൽ കുടുങ്ങുന്നത്. 

ആദ്യഘട്ടത്തിൽ ഇതിന്റെ ഗൗരവം തിരിച്ചറിയാൻ സാധിക്കാത്തതിനാൽ തീരത്ത് എത്തിച്ച് പണിയായുധങ്ങൾ സൂക്ഷിക്കുന്ന ഷെഡ്ഡിലേക്ക് ഇതു മാറ്റുകയായിരുന്നു.  പിന്നീട് ഇതേക്കുറിച്ച് സംശയം തോന്നിയ ബൈജുവിന്റെ ഒരു സുഹൃത്താണ് ഇത് ഷെൽ ആകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയത്. തുടർന്ന് ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു.

 ബോംബ് സ്ക്വാഡിനൊപ്പം ഡോഗ് സ്ക്വാഡും വെള്ളയിൽ പൊലീസും തുറമുഖത്തെത്തി പരിശോധനകൾക്ക് നേതൃത്വം നൽകി. പ്രാഥമിക പരിശോധനക്ക് ശേഷം ഷെൽ എ.ആർ ക്യാംപിലേക്കു മാറ്റി. ഷെൽ എങ്ങനെ കടലിൽ എത്തിയെന്നതു സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Post a Comment

Previous Post Next Post