വലിയൊരു ഇടവേളക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ല. റിയൽ ടൈം മാർക്കറ്റിൽ നിന്ന് 1024 മെഗാവാട്ട് വൈദ്യുതി കിട്ടിയതോടെയാണ് ആശ്വാസമായത്. യൂണിറ്റിന് 10 രൂപ നിരക്കിലാണ് വൈദ്യുതി കിട്ടിയത്. പ്രതിസന്ധി മറികടക്കാൻ വൈദ്യുതി വാങ്ങാനുള്ള ചർച്ചകൾക്കായി കെഎസ്ഇബി ഡയറക്ടർമാർ നാളെ ഉത്തരേന്ത്യയിലേക്ക് തിരിക്കും. ജനം ഉപഭോഗം നിയന്ത്രിക്കണമെന്ന് വൈദ്യുതി മന്ത്രി ആവശ്യപ്പെട്ടു
പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവ്. വെള്ളിയാഴ്ചത്തെ അപേക്ഷിച്ച് ഇന്നലെ മൊത്തം വൈദ്യുതി ഉപഭോഗം രണ്ട് ദശലക്ഷം യൂണിറ്റ് കുറഞ്ഞു. വെള്ളിയാഴ്ച മൊത്തം 96. 4 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചെങ്കിൽ ഇന്നലത്തെ ഉപഭോഗം 94.94 ദശലക്ഷം. പീക്ക് സമയത്തെ ആവശ്യകതയിലും കുറവുണ്ടായി. വെള്ളിയാഴ്ച രാത്രി പത്തരയ്ക്ക് 5400 മെഗാവാട്ട് വരെ ഉപഭോഗം ഉയര്‍ന്നു. എന്നാല്‍ ഇന്നലെ ഇതേ സമയം 5200 മെഗാവാട്ടായിരുന്നു ഉപയോഗം.
കടുത്ത വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടുകയാണ് കെഎസ്ഇബി. വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്താൻ ബോര്‍ഡ് ഡയറക്ടർമാർ നാളെ തിരിക്കും. രാവിലെ ചേര്‍ന്ന് ബോര്‍ഡ് അംഗങ്ങള്‍ പങ്കെടുത്ത ഓണ്‍ലൈൻ യോഗത്തിലായിരുന്നു തീരുമാനം. നാളെ തന്നെ ബോര്‍ഡ് അംഗങ്ങള്‍ മഹാരാഷ്ട്ര, യുപി, പഞ്ചാബ് ,ബീഹാര്‍ എന്നിവിടങ്ങളിലേക്ക് യാത്ര തിരിക്കും.
Post a Comment