കെഎസ്ആര്‍ടിസിയിൽ വാട്‌സ്ആപ്പ് ടിക്കറ്റിങ് സംവിധാനവും ടോൾഫ്രീ നമ്പറും എത്തി; എഐ പുതിയ യുഗത്തിലേക്ക് നയിക്കുമെന്ന് മന്ത്രി സിപി ജോൺ.

എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കെഎസ്ആർടിസിയെ പുതിയ യുഗത്തിലേക്ക് നയിക്കുകയാണെന്ന് ഗതാഗത മന്ത്രി സിപി ജോൺ കെഎസ്ആർടിസിയുടെ എഐ അധിഷ്ഠിത വാട്‌സ്ആപ്പ് ടിക്കറ്റിങ് സംവിധാനം, 24 മണിക്കൂറും പ്രവർത്തിക്കുന്ന 149 എന്ന ടോൾഫ്രീ കസ്റ്റമർ കെയർ നമ്പർ, നവീകരിച്ച കൊറിയർ സർവീസ് എന്നിവ തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിനു മുമ്പ് തിരുവിതാംകൂർ ആരംഭിച്ച കെഎസ്ആർടിസി നിരവധി പ്രതിസന്ധികൾ നേരിട്ടിട്ടുണ്ടെന്നും സർക്കാരിന്റെ ശക്തമായ പിന്തുണയോടെയാണ് ഇന്ന് സ്ഥാപനത്തെ മുന്നോട്ടു കൊണ്ടുപോകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കാൻ ധനകാര്യ വകുപ്പിന്റെ പിന്തുണ ലഭിക്കുന്നുണ്ട്. ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങാതിരിക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഒന്നാം തീയതി തന്നെ ശമ്പളം വിതരണം ചെയ്യുന്ന സംവിധാനം തുടരും. സ്ത്രീകൾക്കായുള്ള പ്രിയദർശിനി പദ്ധതി കൂടുതൽ ജനകീയമാകുകയാണെന്നും പുതിയ എഐ അധിഷ്ഠിത വാട്‌സ്ആപ്പ് ടിക്കറ്റിങ് സംവിധാനത്തിലൂടെ യാത്രക്കാർക്ക് എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി മികച്ച ഡ്രൈവർ, കണ്ടക്ടർ എന്നിവരെ എല്ലാ മാസവും തെരഞ്ഞെടുത്ത് ഡിപ്പോകളിൽ പ്രദർശിപ്പിക്കുന്ന പദ്ധതി ആരംഭിച്ചു. കെഎസ്ആർടിസിയുടെ വികസനത്തിനും ജനപങ്കാളിത്തം വർധിപ്പിക്കുന്നതിനുമായി എംഎൽഎമാരുടെ നേതൃത്വത്തിൽ ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് കമ്മിറ്റികൾ രൂപീകരിച്ചു വരികയാണ്.

Post a Comment

Previous Post Next Post