ആഘോഷത്തിരക്കില്‍പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത കൈവെടിയരുത്-മന്ത്രി കെ മുരളീധരന്‍.


ഓണാഘോഷങ്ങളുടെ തിരക്കിൽ പകർച്ചവ്യാധികള്‍ക്കെതിരെ ജാഗ്രത കൈവിടരുതെന്നു ലോക കൊതുകു ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച്ചുകൊണ്ട് ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്‍ മുന്നറിയിപ്പ് നല്‍കി.  രോഗങ്ങളുടെ യഥാർത്ഥ കണക്കുകൾ മറച്ചു വെക്കരുതെന്നും പ്രതിരോധ പ്രവർത്തനങ്ങളിൽ ഒരുമിച്ച് ചേര്‍ന്നുള്ള പ്രവർത്തനമാണ് വേണ്ടതെന്നും മന്ത്രി സൂചിപ്പിച്ചു.  

വട്ടിയൂർക്കാവ് എസ്. എഫ് . എസ് പാരിഷ് ഹാളിൽ നടന്ന യോഗത്തിൽ ആരോഗ്യകേരളം സംസ്ഥാന പ്രോഗ്രാം മാനേജര്‍ അനു. എസ്. നായര്‍ ഐ.എ. എസ് അധക്ഷത വഹിച്ചു. പ്രദേശത്ത് ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ എന്നിവ റിപ്പോര്‍ട്ട്‌ ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനതല പരിപാടിയോടനുബന്ധിച്ച് വ്യാപക കൊതുകുനിയന്ത്രണ-ബോധവത്കരണ നടപടികളാണ് പ്രദേശത്ത് സംഘടിപ്പിച്ചത്. 

വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ യഥാക്രമം സ്കൂളുകളിലും ഓഫീസുകളിലും വീടുകളിലും കൊതുകു നിർമ്മാർജ്ജനത്തിനുള്ള ഡ്രൈഡേ ഊർജിതമായി ആചരിക്കപ്പെട്ടതിനാൽ കൊതുകുജന്യ രോഗങ്ങളെ നിയന്ത്രിക്കാനായിട്ടുണ്ടെന്ന് ആരോഗ്യ കുടുംബക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ അഭിപ്രായപ്പെട്ടു. അടുത്ത ഘട്ടമായി സർക്കാർ, കോർപ്പറേഷൻ, തദ്ദേശ സ്വയം ഭരണ വകുപ്പ്, ആരോഗ്യ പ്രവർത്തകർ എന്നിവയുടെ ആഭിമുഖ്യത്തിൽ വീടുകളിൽ നേരിട്ടു ചെന്നുള്ള ബോധവത്കരണം സംഘടിപ്പിക്കും.

യോഗത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ വി.മീനാക്ഷി, അഡീഷണൽ ഡയറക്ടർമാരായ ഡോ. റീത്ത കെ.പി, ഡോ. ഉണ്ണികൃഷ്ണന്‍, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. സതീഷ് കെ. എൻ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ആർനോൾഡ്  ദീപക്, സ്റ്റേറ്റ്  മാസ്സ് ആന്‍ഡ്‌ എഡ്യൂക്കേഷൻ മീഡിയാ ഓഫീസർ ഡോമി ജോൺ, അസിസ്റ്റൻ്റ് ഡയറക്ടർ ഷെർളി വർദ്ധനൻ, കുടുംബരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ശ്രീഹരി, നഗര ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. രോഹൻ രാജു എന്നിവർ സംസാരിച്ചു. 

ബോധവത്കരണ സെമിനാറിന് ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സന്ധ്യ, ജില്ലാ മലേറിയ ഓഫീസര്‍ രാജ ശേഖരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.   യോഗത്തിനു മുന്നോടിയായി  നെട്ടയം ശ്രീ ശാരദാ കോളേജ് ഓഫ് നഴ്‌സിംഗ് വിദ്യാർത്ഥിനികൾ ഫ്ലാഷ് മോബും ഹെൽത്ത് പ്ലേയും അവതരിപ്പിച്ചു.

Post a Comment

Previous Post Next Post