മുൻ സന്തോഷ് ട്രോഫി താരം അസീം കൊറളിയാടൻ കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മരിച്ചു.

മുൻ സന്തോഷ് ട്രോഫി താരം അസീം കൊറളിയാടൻ (40) വാഹനാപകടത്തിൽ മരിച്ചു. ഇന്ന് പുലർച്ചെ കോയമ്പത്തൂരിൽ വെച്ചായിരുന്നു അപകടം. കോയമ്പത്തൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിക്കുകയായിരുന്ന അസീം, വാഹനത്തിൽ ജോലിക്ക് പോകുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം അരീക്കോട് പുത്തലം സ്വദേശിയാണ്.

ആഭ്യന്തര ഫുട്ബോളിൽ ശ്രദ്ധേയനായ കളിക്കാരനായിരുന്ന അസീം, അണ്ടര്‍ 21 കേരള ടീമിന് പുറമെ സന്തോഷ് ട്രോഫിയിൽ മഹാരാഷ്ട്രയ്ക്കായും തമിഴ്നാടിനായും ബൂട്ടണിഞ്ഞിട്ടുണ്ട്. പ്രമുഖ ക്ലബ്ബുകളായ വാസ്കോ ഗോവ, സാല്‍ഗോക്കര്‍ ഗോവ, മുംബൈ എഫ്.സി, മഹീന്ദ്ര യുണൈറ്റഡ്, ഈസ്റ്റ് ബംഗാള്‍ എന്നിവയ്ക്ക് വേണ്ടിയും മികച്ച പ്രകടനമാണ് അസീം പുറത്തെടുത്തത്. ഒമ്പത് സീസണുകളില്‍ ഐ ലീഗിൽ കളിച്ച അസീം മൈതാനത്തെ വേഗതയേറിയ കളിശൈലി കൊണ്ടാണ് ആരാധകരുടെ ശ്രദ്ധനേടിയത്.

അപകടവിവരമറിഞ്ഞ് കായികരംഗത്തെ പ്രമുഖരും നാട്ടുകാരും അനുശോചനം അറിയിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഭൗതികദേഹം വൈകിട്ട് മൂന്നുമണിയോടെ ജന്മനാടായ അരീക്കോട്ടെ വീട്ടിലെത്തിക്കും. തുടർന്ന് പ്രദേശവാസികളുടെ അന്തിമോപചാരത്തിന് ശേഷം ഖബറടക്കം നടക്കും. പ്രമുഖ ഫുട്ബോളറും പരിശീലകനുമായ അനീസ് കൊളറിയാടൻറെ ഇരട്ട സഹോദരനാണ്.

Post a Comment

Previous Post Next Post