രാജേഷിൻ്റെ മൃതദേഹം കൊണ്ടുപോയതിലെ അനാസ്ഥ; പയ്യന്നൂര്‍ തഹസില്‍ദാറെ സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം.

കണ്ണൂര്‍ ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച നീന്തല്‍ പരിശീലകന്‍ രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാതെ കൊണ്ടുപോയ സംഭവത്തില്‍ പയ്യന്നൂര്‍ തഹസില്‍ദാര്‍ കെ.പി പോളിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് റവന്യൂ മന്ത്രി എ.പി. അനില്‍കുമാര്‍ നിര്‍ദേശം നല്‍കി. ജില്ല കലക്ടര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നടപടി. സംഭവത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു. 

രാജേഷിന്റെ കുടുംബത്തിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.  പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നാണ് മൃതദേഹം ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയത്. ചാവക്കാട് വച്ച് ഫ്രീസറുള്ള മറ്റൊരു ആംബുലന്‍സിലേക്ക് മൃതദേഹം മാറ്റുകയായിരുന്നു.

 സംഭവത്തില്‍ പയ്യന്നൂര്‍ തഹസില്‍ദാര്‍, പരിയാരം മെഡിക്കല്‍ കോളജ് സൂപ്രണ്ട്, പ്രിന്‍സിപ്പല്‍, ചെറുപുഴ പൊലീസ് എന്നിവരില്‍ നിന്ന് മൊഴിയെടുത്ത ശേഷമാണ് കണ്ണൂര്‍ കലക്ടര്‍ പി. വിഷ്ണുരാജ് റവന്യൂ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ മൃതദേഹം കൊണ്ടുപോകേണ്ടി വന്നതില്‍ പയ്യന്നൂര്‍ തഹസീല്‍ദാര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. 

Post a Comment

Previous Post Next Post