എലിപ്പനിക്കെതിരെ ജാഗ്രത വേണം - ആരോഗ്യ വകുപ്പ്.

എലിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എല്‍.ടി സരിത കുമാരി അറിയിച്ചു. മഴയെ തുടര്‍ന്ന് വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യമുള്ളതിനാല്‍ മലിനജലവുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന എല്ലാവരും എലിപ്പനി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. മലിനജലത്തില്‍ ചവിട്ടി സഞ്ചരിക്കേണ്ടി വരുന്നവരും തൊഴില്‍ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് മലിനജല സമ്പര്‍ക്കമുണ്ടാകുന്നവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ 'ഡോക്‌സിസൈക്ലിന്‍' കഴിക്കണം. സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും ഗുളിക സൗജന്യമായി ലഭിക്കും.

മലിനജല സമ്പര്‍ക്കമുണ്ടാകുന്നവരില്‍ കൈകാലുകളിലെ മുറിവുകളിലൂടെയാണ് പ്രധാനമായും എലിപ്പനി രോഗാണു ശരീരത്തിലെത്തുന്നത്. കൈകാലുകളില്‍ മുറിവുകളോ വിണ്ടുകീറലോ ഉള്ളവര്‍ വെള്ളക്കെട്ടുകളിലും മലിനമായ മണ്ണിലും ഇറങ്ങരുത്. കന്നുകാലികളെ കുളിപ്പിക്കുന്ന തോട്, കുളം എന്നിവയിലിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണം. ജോലിക്കായി ഇറങ്ങുമ്പോള്‍ കൈയുറ, കാലുറ തുടങ്ങിയ വ്യക്തിഗത സുരക്ഷ മാര്‍ഗങ്ങള്‍ ഉപയോഗിക്കുക. ആഹാരസാധനങ്ങള്‍ വീടിന് പുറത്തും പൊതുസ്ഥലങ്ങളിലും കൂട്ടിയിടാതിരിക്കുകയും എലി പെരുകാനുള്ള സാഹചര്യം ഒഴിവാക്കുകയും വേണം.

പനി, തലവേദന, ക്ഷീണം, പേശികള്‍ക്ക് കഠിനമായ വേദന, പനിയോടൊപ്പം മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ എന്നിവ കണ്ടാല്‍ എലിപ്പനി സംശയിക്കുകയും ചികിത്സ തേടുകയും വേണം. ചികിത്സ തേടുമ്പോള്‍ ഡോക്ടറോട് തൊഴില്‍ പശ്ചാത്തലവും മലിനജലവുമായി സമ്പര്‍ക്കമുണ്ടായിട്ടുണ്ടെങ്കില്‍ ആ വിവരവും അറിയിക്കണം. എലിപ്പനി നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നത് രോഗം വേഗം ഭേദമാകുന്നതിനും സങ്കീര്‍ണതകള്‍ കുറക്കുന്നതിനും സഹായകമാകുമെന്നും ഡി.എം.ഒ അറിയിച്ചു.

Post a Comment

Previous Post Next Post