സോഷ്യൽ മീഡിയ വഴിയുള്ള ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രതാ പാലിക്കുക. ഫേസ്ബുക് , ഇൻസ്റ്റാഗ്രാം , യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ "100% പ്രോഫിറ്റ് ", "ഗ്യാരണ്ടീഡ് റിട്ടേൺസ് ", "പ്രീമിയം ഐ പി ഓ അലോട്ട്മെന്റ് " തുടങ്ങിയ വ്യാജ വാഗ്ദാനങ്ങൾ നൽകുന്ന പരസ്യങ്ങളിലൂടെയാണ് തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുന്നത്. ലിങ്കുകൾ വഴി വാട്സ് ആപ്പ് , ടെലിഗ്രാം ഗ്രൂപ്പുകളിലേക്ക് ക്ഷണിക്കുന്ന ഇവർ, 'ഇൻവെസ്റ്റ്മെന്റ് മെന്റർ', 'ഫിനാൻഷ്യൽ അനലിസ്റ്റ് ' എന്നീ വ്യാജ പേരുകളിൽ ദിവസേന ട്രേഡിംഗ് ക്ലാസുകളും ടിപ്പുകളും നൽകി വിശ്വാസ്യത നേടിയെടുക്കുന്നു.
തുടക്കത്തിൽ സ്വന്തം ഡീമാറ്റ് അക്കൗണ്ട് വഴി ചെറിയ ലാഭം ഉണ്ടാക്കിക്കൊടുത്ത് കൂടുതൽ തുക നിക്ഷേപിക്കാൻ പ്രേരണ നൽകുകയാണ് ഇവരുടെ രീതി. തുടർന്ന്, കുറഞ്ഞ വിലയിൽ സ്റ്റോക്കുകളും ഐ പി ഓ -കളും വാഗ്ദാനം ചെയ്ത് പ്രമുഖ സ്ഥാപനങ്ങളുടെ പേരിലുള്ള വ്യാജ ട്രേഡിംഗ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യിക്കുകയും 'ഇൻസ്റ്റിറ്റ്യൂഷണൽ അക്കൗണ്ട് ' അല്ലെങ്കിൽ 'വി ഐ പി ട്രേഡിങ്ങ് അക്കൗണ്ട് ' എന്ന പേരിൽ യു.പി.ഐ , ഐ.എം.പി.എസ്, ആർ.ടി.ജി.എസ്, എൻ.ഇ.എഫ്.ടി തുടങ്ങിയ മാർഗങ്ങളിലൂടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കാൻ ആവശ്യപ്പെടുന്നു.
നിക്ഷേപിച്ച തുകയും വ്യാജമായി ഉണ്ടാക്കിയ ലാഭവും ആപ്പുകളിൽ കാണിക്കുന്നതിനാൽ ഇരകൾക്ക് സംശയം തോന്നാറില്ല. എന്നാൽ, പണം തിരികെ പിൻവലിക്കാൻ ശ്രമിക്കുമ്പോൾ ഇൻകം ടാക്സ്, സർവീസ് ചാർജ്, വിഡ്രോവൽ ഫീ തുടങ്ങിയ പേരുകളിൽ വീണ്ടും തുക ആവശ്യപ്പെടുകയും ഒടുവിൽ നിക്ഷേപിച്ച തുകയും ലാഭവും നൽകാതെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് തട്ടിപ്പ് നടത്തുകയുമാണ് ചെയ്യുന്നത്.
സോഷ്യൽ മീഡിയയിലെ വാഗ്ദാനങ്ങളോ വാട്സ് ആപ്പ് /ടെലിഗ്രാം ഗ്രൂപ്പുകളിലെ നിർദേശങ്ങളോ മാത്രം വിശ്വസിച്ച് പണം നിക്ഷേപിക്കരുത്. സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപങ്ങൾ സെബി (SEBI ) അംഗീകൃത ബ്രോക്കർമാർ വഴിയും ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴിയും മാത്രം നടത്തുക. അജ്ഞാത ആപ്പുകളിലോ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലോ പണം അയയ്ക്കുന്നതും പണം പിൻവലിക്കാൻ വീണ്ടും തുക നൽകുന്നതും പൂർണ്ണമായും ഒഴിവാക്കുക.
ഏതെങ്കിലും തരത്തിലുള്ള സൈബർ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻതന്നെ 1930 എന്ന ഹെൽപ് ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന സൈബർ ക്രൈം പോർട്ടൽ വഴിയോ പരാതി രജിസ്റ്റർ ചെയ്യേണ്ടതാണ്.
Post a Comment