വിവിധ തരത്തിലുള്ള സൈബർ സാമ്പത്തിക തട്ടിപ്പുകൾ ഫലപ്രദമായി തടയുന്നതിനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനുമായി വിവിധ ബാങ്കുകളുമായി ചേർന്ന് സംയുക്ത കർമ്മ പരിപാടി നടപ്പാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ അറിയിച്ചു. സൈബർ കുറ്റകൃത്യങ്ങൾ പ്രതിരോധിക്കാനായി സംസ്ഥാന സൈബർ വിഭാഗവും വിവിധ പൊതുമേഖലാ, സ്വകാര്യ ബാങ്കുകളിലെ പ്രതിനിധികളും പങ്കെടുത്ത സംസ്ഥാനതല ഏകോപന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണം നഷ്‌ടപ്പെടുന്നവരുടെ മാനസികാവസ്ഥ മനസിലാക്കി അവർക്ക് നീതി ഉറപ്പാക്കുന്നതരത്തിലായിരിക്കും നടപടികൾ. സൈബർ ക്രൈമുകൾ നിരീക്ഷിക്കുന്നതിനും, പരാതികൾ പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കുന്നതിനുമായി പോലീസിൻ്റെയും ബാങ്കുകളുടേയും പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു ജോയിൻ്റ് സൈബർ കമ്മിറ്റിയ്ക്ക് രൂപം നൽകും. ഇൻഡ്യൻ സൈബർ ക്രൈം
കോ-ഓർഡിനേഷൻ സെൻ്ററിൻ്റെ വ്യവസ്ഥകൾക്കനുസരിച്ചുള്ള എല്ലാവിധ നടപടികളും സ്റ്റേറ്റ് സൈബർ ഡിവിഷൻ സ്വീകരിക്കുമെന്നും പോലീസ് മേധാവി പറഞ്ഞു. സൈബർ ലോകത്ത് ദിനംപ്രതി മാറി വരുന്ന ഡിജിറ്റൽ അറസ്റ്റുപോലെയുള്ള പുതിയ തട്ടിപ്പുകൾ മനസിലാക്കി അതിനെതിരെ കർശന നടപടികൾ സ്വീകരിക്കാൻ ജോയിൻ്റ് കോ- ഓർഡിനേഷൻ കമ്മിറ്റിയുടെ പ്രവർത്തനത്തിലൂടെ സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൈബർ കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാൻ സംസ്ഥാന സൈബർ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ സൈ ഹണ്ട് (Operation CY HUNT) എന്ന പദ്ധതി നടപ്പിലാക്കി വരികയാണ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനുള്ള പ്രത്യേക അന്വേഷണങ്ങളും ഏകോപിത പരിശോധനകളും പുരോഗമിക്കുകയാണ്. തട്ടിപ്പിലൂടെ ലഭിച്ച പണം സ്വീകരിക്കുന്ന മ്യൂൾ അക്കൗണ്ടുകൾ (Mule Accounts) കണ്ടെത്തൽ, ബാങ്ക് അക്കൗണ്ടുകളുടെ വിശകലനം, ഡിജിറ്റൽ തെളിവുകളുടെ ശേഖരണം, ബാങ്കുകളുമായും മറ്റ് ഏജൻസികളുമായും ചേർന്നുള്ള അന്വേഷണ പ്രവർത്തനങ്ങൾ എന്നിവയും ശക്തമാക്കിയിട്ടുണ്ട്. ഇതിൻ്റെ ഭാഗമായി
24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെൻ്റർ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളുടെ നിലവിലെ പ്രവണതകളും പ്രതിരോധ മാർഗങ്ങളും, പരാതി പരിഹാര സംവിധാനങ്ങളുടെ ഫലപ്രദമായ ഉപയോഗം, തട്ടിപ്പിനിരയായവരുടെ പണം വീണ്ടെടുക്കുന്നതിനുള്ള ഏകോപിത നടപടികൾ, സംശയാസ്പദമായ ഇടപാടുകൾ, മ്യൂൾ അക്കൗണ്ടുകൾ എന്നിവ നേരത്തേ കണ്ടെത്തുന്നതിൽ ബാങ്കുകളുടെ പങ്ക്, പൊതുജനങ്ങളിൽ സൈബർ സുരക്ഷാ അവബോധം വർദ്ധിപ്പിക്കുന്നതിനുള്ള സംയുക്ത ബോധവൽക്കരണ പരിപാടികൾ തുടങ്ങിയ വിവിധ വിഷയങ്ങളാണ് യോഗത്തിൽ ചർച്ച ചെയ്തത്.
ക്രമസമാധ ചുമതലയുള്ള എ.ഡി.ജി.പി. പി വിജയൻ, സ്റ്റേറ്റ് ക്രൈം റിക്കോർഡ്‌സ് ബ്യൂറോ ഐ.ജി. പി. പ്രകാശ്, ജയ്ദേവ് ജി എ.ഐ.ജി പോലീസ് ആസ്ഥാനം, സൈബർ ഓപ്പറേഷൻഎസ്.പി. അങ്കിത് അശോകൻ, വിവിധ ബാങ്ക് പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
Post a Comment