കോഴിക്കോട്: ബേപ്പൂർ സർകിളിലെ ബി.സി റോഡിനടുത്ത് ചെറുവള്ളൂരിൽ പ്രവർത്തിക്കുന്ന കെ എച്ച് മസാല സ്റ്റോർ ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു. ഭക്ഷ്യസുരക്ഷാ ഓഫീസർ ശ്രീമതി ഷംസിയ നടത്തിയ പരിശോധനയിലാണ് സ്ഥാപനത്തിലെ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയത്.
വൃത്തിഹീനമായ സാഹചര്യത്തിൽ മസാലപ്പൊടികൾ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ നിർമ്മിച്ച് സൂക്ഷിക്കുകയും വിൽപ്പന നടത്തുകയും ചെയ്തതായി പരിശോധനയിൽ കണ്ടെത്തി. ഉൽപ്പന്നങ്ങളിൽ നിർബന്ധമായും രേഖപ്പെടുത്തേണ്ട എക്സ്പയറി തീയതി, നിർമ്മാണ തീയതി, നിർമാതാവിന്റെ വിവരങ്ങൾ തുടങ്ങിയ ലേബൽ വിവരങ്ങളൊന്നും ഉൾപ്പെടുത്തിയിരുന്നില്ലെന്ന് അധികൃതർ അറിയിച്ചു.
സ്ഥാപനത്തിനുള്ളിൽ ശുചിത്വമില്ലാത്ത സാഹചര്യമാണ് നിലനിന്നിരുന്നത്. എലി, പൂച്ച തുടങ്ങിയ ജീവികളുടെ വിസർജ്യങ്ങളും വിവിധ ഭാഗങ്ങളിൽ കണ്ടെത്തി. കൂടാതെ, ഭക്ഷ്യവസ്തുക്കൾ പൊടിപിടിച്ച പാത്രങ്ങളിലാണ് സൂക്ഷിച്ചിരുന്നത്. മാറാല പിടിച്ച മതിലുകളും മുറികളും സ്ഥാപനത്തിന്റെ ദയനീയാവസ്ഥ വ്യക്തമാക്കുന്നതായിരുന്നു.
സ്ഥാപനത്തിന്റെ പിൻവശത്ത് എലി തുരന്നതിന്റെയും കരണ്ടിയതിന്റെയും അവശിഷ്ടങ്ങളും കണ്ടെത്തി. ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമല്ലാത്ത രീതിയിൽ സൂക്ഷിച്ചതും ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യങ്ങളും കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനം താൽക്കാലികമായി അടച്ചുപൂട്ടാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശം നൽകി.
Post a Comment