ബേപ്പൂരിലെ വെളിച്ചെണ്ണ കമ്പനിയിലെ തീ നിയന്ത്രണവിധേയം. തീപിടിത്തത്തിൽ ഒരു ലോറിയും മെഷീനുകളും പൂർണമായി കത്തിനശിച്ചു. ജെസിബി ഉപയോഗിച്ച് ചുമർ പൊളിച്ച് അകത്ത് കയറാനുള്ള ശ്രമം തുടരുന്നു. ഇന്നലെ രാത്രിയോടെയാണ് 'രേണുക' ബില്ലിന് തീപിടിച്ചത്. പ്രാഥമിക കണക്കുകൂട്ടലുകൾ പ്രകാരം നാല് കോടി രൂപയിലധികം സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ട്.
ഞായറാഴ്ച രാത്രി ഏഴരയോടെ തൊഴിലാളികൾ ജോലി കഴിഞ്ഞ് മടങ്ങിയിരുന്നതിനാൽ വൻ ദുരന്തവും ആളപായവും ഒഴിവായി. കൊപ്ര ഉണക്കാൻ ഉപയോഗിക്കുന്ന ഡ്രയറിൽ നിന്ന് തീ പടർന്നതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഡ്രയറിൽ നിന്ന് വളരെ വേഗത്തിൽ പടർന്ന തീ മിനിറ്റുകൾക്കുള്ളിൽ മില്ലിലുടനീളം പടരുകയായിരുന്നു.വരാനിരിക്കുന്ന ഓണവിപണി ലക്ഷ്യമാക്കി പാക്ക് ചെയ്തുവെച്ചിരുന്ന വെളിച്ചെണ്ണയും കാനുകളും, ടൺ കണക്കിന് ഉണങ്ങിയ കൊപ്രയും, പ്ലാന്റിലെ യന്ത്രസാമഗ്രികളും പൂർണ്ണമായും കത്തിനശിച്ചു. കൂടാതെ, എണ്ണ നിറച്ചിരുന്ന ലോറിയുടെ ടാങ്കറിലേക്ക് തീ പടരുകയും അതിൽ നിന്ന് ഡീസൽ ഒഴുകിപ്പടർന്നതും തീയുടെ വ്യാപ്തി വർധിപ്പിക്കാൻ കാരണമായി.
തീപിടിത്തത്തിന്‍റെ വിവരമറിഞ്ഞ് കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി 15-ഓളം ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി. എട്ടര മണിക്കൂറിലധികം നീണ്ട കഠിനശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാനായത്.കെട്ടിടത്തിനുള്ളിലേക്ക് ഫയർഫോഴ്സ് സേനയ്ക്ക് കടന്നുചെല്ലാൻ ബുദ്ധിമുട്ടായതിനെ തുടർന്ന് ജെസിബി ഉപയോഗിച്ച് മില്ലിന്റെ ചുമരുകൾ പൊളിച്ചാണ് സേന അകത്തുകയറി രക്ഷാപ്രവർത്തനം ശക്തമാക്കിയത് . മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
Post a Comment