സ്വന്തമായി വീടില്ല, കാറില്ല, വലിയ ബാങ്ക് ബാലൻസില്ല, പക്ഷേ സമാധാനമുണ്ട്, ആരോ​ഗ്യമുണ്ട്, 35 -കാരന്‍റെ പോസ്റ്റ് വൈറല്‍.

സ്വന്തമായി വീട്, കാർ, വലിയ ബാങ്ക് ബാലൻസ് ഇവയൊക്കെ വച്ചാണ് സാധാരണ നാം ഒരാളുടെ വിജയത്തെ വിലയിരുത്തുന്നത്. എന്നാൽ, ഇതിനെയൊക്കെ തിരുത്തിക്കുറിച്ചുകൊണ്ട് ഒരു യുവാവ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്ന പോസ്റ്റാണ് ഇപ്പോൾ വലിയ അഭിനന്ദനങ്ങളേറ്റു വാങ്ങുന്നത്. 35 -കാരനായ യുവാവാണ് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ തന്റെ ജീവിതത്തിൽ ഉണ്ടായ പോസിറ്റീവായ മാറ്റങ്ങളെക്കുറിച്ചാണ് അശീഷ് ജെയ്ൻ എന്ന യുവാവ് കുറിച്ചത്.

'എനിക്ക് 35 വയസ്സായി, സ്വന്തമായി വീടോ കാറോ ഇല്ല. വലിയ ബാങ്ക് ബാലൻസോ, സ്റ്റോക്കുകളിലോ മ്യൂച്വൽ ഫണ്ടുകളിലോ വലിയ നിക്ഷേപങ്ങളോ മികച്ച ജോലിയോ എനിക്കില്ല. എന്നാൽ, ഞാൻ മാന്യമായ ഒരു വാടകവീട്ടിലാണ് താമസിക്കുന്നത്. ഊബറിൽ യാത്ര ചെയ്യാൻ എനിക്ക് സാധിക്കുന്നുണ്ട്. എനിക്ക് കടങ്ങളൊന്നുമില്ല. കഴിഞ്ഞ വർഷത്തേക്കാൾ മെച്ചപ്പെട്ട ശരീരവും മാനസികാരോഗ്യവും എനിക്കിന്നുണ്ട്' അശീഷ് കുറിച്ചു.

ഒരു വർഷത്തിനുശേഷം പ്രാധാന്യമില്ലാത്ത കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് വെറുതെ ടെൻഷനടിക്കുന്നത് താൻ നിർത്തിയെന്ന് അശീഷ് പറയുന്നു. വീടോ കാറോ വാങ്ങാൻ താൻ സ്വയം നിർബന്ധിക്കാറില്ല, ഭാവിയെക്കുറിച്ചുള്ള ആശങ്ക കുറഞ്ഞു, ശാരീരികവും മാനസികവുമായ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ നൽകി. കഴിഞ്ഞ ഒരു വർഷത്തിലധികമായി പുകവലിക്കാറില്ല, ജങ്ക് ഫുഡ് കഴിക്കുന്നത് കുറച്ചു എന്നും യുവാവ് പറയുന്നു. 'ഇതൊന്നും സാരമില്ല, എല്ലാ കാര്യങ്ങളിലും കൃത്യമായ ധാരണ വേണമെന്നില്ല. അത് കുഴപ്പമില്ല, ഓരോ ദിവസവും വരുന്നപോലെ ജീവിക്കുക, നിങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക' എന്നും പറഞ്ഞാണ് അശീഷ് തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്.

പോസ്റ്റിന് താഴെ നിരവധി ആളുകളാണ് കമന്റ് നൽകിയിരിക്കുന്നത്. 'കടങ്ങളില്ല, നാളെയെക്കുറിച്ചുള്ള ആശങ്കകളില്ല, പുകവലി നിർത്തി, മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് അവസാനിപ്പിച്ചു. എനിക്കറിയാവുന്ന ഭൂരിഭാഗം 35 വയസുകാരേക്കാളും ശക്തമായ ബാലൻസ് ഷീറ്റാണ് താങ്കളുടേത്' എന്നാണ് ഒരാൾ കുറിച്ചത്. ശരിക്കും നമുക്ക് വേണ്ടത്, വലിയ വലിയ സ്വത്തുക്കളേക്കാളും നല്ല ശാരീരികവും മാനസികവുമായ ആരോ​ഗ്യവും സന്തോഷവുമാണ് അല്ലേ?

Post a Comment

Previous Post Next Post