റിട്ട. അധ്യാപകന്‍റെ വീട്ടിൽ സഹായം ചോദിച്ചെത്തി വീട്ടുമുറ്റത്ത് കിടന്ന വിലകൂടിയ ചെരുപ്പുമായി മുങ്ങി കള്ളൻ.

താമരശ്ശേരിയിൽ സഹായം ചോദിച്ചെത്തി വീട്ടുമുറ്റത്ത് കിടന്ന വിലകൂടിയ ചെരുപ്പുമായി മുങ്ങി കള്ളൻ. താമരശ്ശേരി ചുണ്ടക്കുന്നുമ്മൽ റിട്ടയർ അധ്യാപകനായ അബദുറഹ്മാന്‍റെ വീട്ടിൽ ഇന്നലെ വൈകുന്നേരം 3.30 ഓടെയാണ് സംഭവം. നീല ഷർട്ടും വെള്ളമുണ്ടുമുടുത്ത് എത്തിയ മധ്യ വയസ്കനായ ആളാണ് മോഷ്ടാവ്. തന്ത്രപരമായി നടത്തിയ മോഷണം പക്ഷേ സിസിടിവിയിൽ പതിഞ്ഞത് കള്ളനറിഞ്ഞില്ല. ഒടുവിൽ നാട്ടുകാർ പിടികൂടിയെങ്കിലും ഇയാൾ രക്ഷപ്പെടുകയായിരുന്നു.

ഞായറാഴ്ച ഉച്ചയോടെയാണ് പ്രതി അബ്ദുറഹ്മാന്‍റെ വീട്ടിലെത്തിയത്. വീട്ടിൽ കയറി വന്ന് പരിസരസരം നന്നായി വീക്ഷിച്ച പ്രതി തുടർന്ന് മുറ്റത്ത് കിടന്ന വില കൂടിയ ചെരുപ്പ് കാലിൽ ഇട്ടു നോക്കി. ചെരിപ്പ് പാകമാണെന്ന് ഉറപ്പിച്ചു. പിന്നീട് കോളിംങ്ങ് ബെൽ അടിച്ചു. വീട്ടുടമ വാതിൽ തുറന്നു വന്നു ഉടൻ സലാം പറഞ്ഞു, പിന്നെ സഹായ അഭ്യർത്ഥനയായി. താൻ കാരാടി സ്വദേശിയാണെന്നും പച്ചക്കറിയുമായി വണ്ടിയിൽ ലൈനിൽ പോയി കച്ചവടം നടത്തുന്ന ആളായിരുന്നു, ഇപ്പോൾ കാഴ്ചകുറവും, കാലിന് പരിക്കുമുണ്ട്. എന്തെങ്കിലും സഹായം ചെയ്യണം എന്ന് അഭ്യർത്ഥിച്ചു. വീട്ടുടമ പണം എടുക്കാൻ പോയ തക്കത്തിന് ഇയാൾ ചുറ്റുപാടും ഒന്ന് വീണ്ടും വീക്ഷിച്ചു. വീട്ടുടമ 50 രൂപയുമായി വന്നു, പണം വാങ്ങിയ ശേഷം വീട്ടിൽ മറ്റാരുമില്ലേ എന്ന് ഇയാൾ ചോദിച്ചു.

പിന്നീട് കുടിക്കാൻ ഒരു ഗ്ലാസ് വെള്ളം ചോദിച്ച പ്രതി വീട്ടുടമസ്ഥൻ വെള്ളമെടുക്കാൻ പോയ തക്കത്തിന് തന്‍റെ കാലിൽ ഉണ്ടായിരുന്ന ചെരുപ്പ് അഴിച്ചുമാറ്റി മുറ്റത്ത് കിടന്ന വില കൂടിയ ചെരുപ്പ് ഇട്ടു. അതിനിടെ ഊരിവെച്ച തന്‍റെ ചെരുപ്പ് പറമ്പിലേക്ക് എറിയുകയും ചെയ്തു. ഇതിന് ശേഷം ഉടമ കൊണ്ടുവന്ന വെള്ളവും കുടിച്ച് മുറ്റത്ത് നിന്നും റബുട്ടാനും പറിച്ച് ആൾ സ്ഥലം വിട്ടു. അപരിചിതൻ സ്ഥലം വിട്ട് അൽപ്പസമയത്തിന് ശേഷം ചെരുപ്പ് കാണാത്തതിനെ തുടർന്ന് സമീപവാസികളോട് വിവരം പറഞ്ഞു. നാട്ടുകാർ തെരച്ചിലിൽ പ്രദേശത്തെ തന്നെ മറ്റൊരു വീട്ടുമുറ്റത്ത് വെച്ച് ഇയാളെ പിടികൂടി, ചോദ്യം ചെയ്യലിനിടയിൽ രക്ഷപ്പെട്ട ആൾ അടിവാരം ഭാഗത്തേക്ക് ബസ്സിൽ കയറിയതായി പിന്നീട് വ്യക്തമായി.

Post a Comment

Previous Post Next Post