​പാത്രത്തിൽ തല കുടുങ്ങി; നാദാപുരത്ത് രണ്ടു വയസ്സുകാരിക്ക് അഗ്നിരക്ഷാസേന രക്ഷകരായി.

കളിക്കുന്നതിനിടെ അലുമിനിയം പാത്രത്തിനുള്ളിൽ തല കുടുങ്ങിപ്പോയ രണ്ടു വയസ്സുകാരിയെ നാദാപുരം അഗ്നിരക്ഷാസേന സുരക്ഷിതമായി രക്ഷപ്പെടുത്തി. പാറക്കടവ് ഉമ്മത്തൂർ കളത്തറ അനസിന്റെ മകൾ ഫാത്തിമ ആലിയയാണ് അപകടത്തിൽപ്പെട്ടത്. പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ട കുട്ടി, ഫയർഫോഴ്സ് ഉദ്യോഗസ്ഥരോട് ചിരിച്ചുക്കൊണ്ട് യാത്രപറഞ്ഞാണ് മടങ്ങിയത്.

ഇന്ന് രാവിലെ വീട്ടിലെ അടുക്കളയിൽ കളിച്ചുകൊണ്ടിരിക്കെ ആലിയ അലുമിനിയം പാത്രം തലയിൽ വെക്കുകയായിരുന്നു. തുടർന്ന് തല പൂർണ്ണമായും പാത്രത്തിനുള്ളിൽ കുടുങ്ങിപ്പോയി. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ വീട്ടുകാർ പാത്രം ഊരിയെടുക്കാൻ പലവിധത്തിൽ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ഒട്ടും സമയം കളയാതെ വീട്ടുകാർ കുട്ടിയുമായി നാദാപുരം ഫയർ സ്റ്റേഷനിലേക്ക് തിരിക്കുകയായിരുന്നു.

കുട്ടിയുടെ സുരക്ഷ മുൻനിർത്തി ഏറെ ശ്രദ്ധയോടെയാണ് ഫയർഫോഴ്സ് സംഘം രക്ഷാപ്രവർത്തനം നടത്തിയത്. കട്ടർ, സ്പ്രെഡർ എന്നീ അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് പാത്രം മുറിച്ചുമാറ്റിയാണ് കുട്ടിയെ പരിക്കേൽക്കാതെ പുറത്തെടുത്തത്. അതുവരെ കരഞ്ഞുവിളിച്ചിരുന്ന ആലിയ, പാത്രം മാറ്റി ഫയർഫോഴ്സ് മാമന്മാർ കൈകളിൽ എടുത്തതോടെ ചിരിതൂകിയാണ് സ്റ്റേഷനിൽ നിന്നും വീട്ടിലേക്ക് മടങ്ങിയത്.

കുട്ടികൾ കളിപ്പാട്ടങ്ങൾക്ക് പകരം വീട്ടുപകരണങ്ങൾ എടുത്ത് കളിക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ രക്ഷിതാക്കൾ അതീവ ജാഗ്രത പുലർത്തണമെന്ന് ഫയർഫോഴ്സ് അധികൃതർ മുന്നറിയിപ്പ് നൽകി. നാദാപുരം സ്റ്റേഷൻ ഓഫീസർ വരുൺ എസ്., ഗ്രേഡ് സ്റ്റേഷൻ ഓഫീസർ മധുപ്രസാദ്, സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ മുഹമ്മദ് സാനീജ് എന്നിവരുടെ നേതൃത്വത്തിലാണ് വിജയകരമായ ഈ രക്ഷാപ്രവർത്തനം നടന്നത്.

Post a Comment

Previous Post Next Post