അങ്കണവാടിയിൽ മൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ.

എറണാകുളം എളമക്കരയില്‍ അങ്കണവാടിയില്‍ വെച്ച് മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. കാശിനാഥ് (20) ആണ് പിടിയിലായത്. ആലുവയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്. മൂന്നുദിവസം മുമ്പാണ് മാതാപിതാക്കൾ എളമക്കര പൊലീസിൽ പരാതി നൽകിയത്.

അങ്കണവാടിയില്‍ വെച്ച് കുട്ടിയെ ലൈംഗികമായി ആക്രമിക്കുകയായിരുന്നുവെന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന് കാശിനാഥിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തിരുന്നു. പരാതിക്ക് പിന്നാലെ ഇയാളെക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും  പ്രതി ഒളിവില്‍ പോകുകയായിരുന്നു.   

കുട്ടിയുടെ സ്വകാര്യഭാഗത്ത് വേദനയുണ്ടെന്ന് മാതാപിതാക്കളെ അറിയിച്ചതിനെ തുടര്‍ന്നാണ് പീഡന വിവരം പുറത്തറിയുന്നത്. അങ്കണവാടിയില്‍ സ്ഥിരമായി എത്തുന്നയാളാണ് പ്രതിയെന്നും പരാതിയിൽ പറഞ്ഞിരുന്നു. സംഭവത്തില്‍ സി.ഡബ്ല്യു.സിയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.   പത്തോളം കുട്ടികൾ പഠിക്കുന്ന സ്ഥാപനത്തിലാണ് സംഭവം. ഇതിനെ തുടർന്ന് അങ്കണവാടി വർക്കറെ അടിയന്തരമായി സർവിസിൽനിന്ന് നീക്കം ചെയ്യാൻ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർദേശം നൽകിയിരുന്നു. 

അങ്കണവാടിയിൽ പുറത്തുനിന്നുള്ള ആരെയും പ്രവേശിപ്പിക്കരുതെന്ന കർശന നിർദേശം പാലിക്കാത്തതിനെ തുടർന്നാണ് നടപടി. സംഭവത്തിൽ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറോട് മന്ത്രി അന്വേഷണ റിപ്പോർട്ടും ആവശ്യപ്പെട്ടു. ​പ്രത്യേക അന്വേഷണത്തിന് ജോയന്റ് ഡയറക്ടർ, നിർഭയ സെൽ കോർഡിനേറ്റർ, ഐ.സി.പി.എസ് ​പ്രോഗ്രാം കോർഡിനേറ്റർ എന്നിവരെ ചുമതലപ്പെടുത്തി. ഇവർ അങ്കണവാടിയിലെത്തി പരിശോധന നടത്തും.

Post a Comment

Previous Post Next Post