നിപാബാധിതന്റെ സമ്പർക്കപ്പട്ടികയിലെ എല്ലാവരും സുരക്ഷിതമായി ക്വാറന്റൈൻ പൂർത്തിയാക്കി. കൃത്യമായ രോഗനിർണയത്തിന്റെയും ശക്തമായ പ്രതിരോധ നടപടികളുടെയും വിജയാമാണിത്. കൺടൈന്മെന്റ് സോൺ ഉൾപ്പെടെയുള്ള ജനങ്ങളുടെ ഉപജീവനവും സഞ്ചാര സ്വാതന്ത്ര്യവും തടസ്സപ്പെടുത്തുന്ന നടപടിക്കളിലേക്കു കടക്കാതെതന്നെ രോഗം നിയന്ത്രിക്കാൻ കഴിഞ്ഞത് കൂടുതൽ സന്തോഷകരമാണ്.
രോഗം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നതിന് മുൻപ് കണ്ടെത്താൻ കഴിഞ്ഞതും കൃത്യതയോടെ സമ്പർക്കപ്പട്ടിക തയാറാക്കി നിരീക്ഷണം ഏർപ്പെടുത്തിയതുമാണ് രോഗവ്യാപനം തടയാൻ സഹായിച്ചത്. ഇതിനു പിന്നിൽ പ്രവർത്തിച്ച ജില്ലാ ഭരണകൂടം, ജില്ലയിലെ ആരോഗ്യ പ്രവർത്തകർ എന്നിവരെ അഭിനന്ദിക്കുന്നു. മാനദണ്ഡപ്രകാരമുള്ള നിരീക്ഷണ നടപടികൾ തുടരും. 42 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കുന്ന മുറയ്ക്ക് പ്രദേശത്തെ നിപ രഹിതമായി പ്രഖ്യാപിക്കാനാകും.
21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ വളരെ ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട 4 പേരെയും ഇന്ന് ക്വാറന്റൈനിൽ നിന്നും ഒഴിവാക്കി. ഇതിൽ 2 പേർ രോഗബാധിതന്റെ കുടുംബാംഗങ്ങളും 2 പേർ ആരോഗ്യ പ്രവർത്തകരുമാണ്. നിരീക്ഷണ വേളയിൽ ഒരു രോഗലക്ഷണങ്ങളും ഉണ്ടാകാത്തതിനെ തുടർന്നാണിത്. രോഗനിരീക്ഷണത്തിന്റെ ഭാഗമായി ജൂൺ 10 മുതൽ നിപ സമാന ലക്ഷണങ്ങള്‍ ഉള്ളവരുടെയിടയില്‍ ജില്ലയില്‍ നടത്തിയ പരിശോധനയിൽ 58 പേരുടെ ഫലവും നെഗറ്റീവ് ആണ്
കൂടാതെ ഉയർന്ന റിസ്ക് വിഭാഗത്തിൽ ഉണ്ടായിരുന്ന 3 പേരെയും ഇന്ന് ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കി. ഇതോടെ വളരെ ഉയർന്ന റിസ്ക് വിഭാഗം, ഉയർന്ന റിസ്ക് വിഭാഗം എന്നിവയിൽ നിന്നുള്ള എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി. കൂടാതെ കുറഞ്ഞ റിസ്ക് വിഭാത്തിൽപ്പെട്ട 24 പേരെയും ഇന്ന് നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി. കുറഞ്ഞ റിസ്ക് വിഭാഗത്തിൽപ്പെട്ട 3 പേർ മാത്രമാണ് ഇനി നിരീക്ഷണത്തിൽ ഉള്ളത്.
നിപ രോഗ ബാധിതൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെൻറിലേറ്ററിൽ ചികിത്സ തുടരുന്നു. രോഗിയുടെ ഒരാഴ്ചക്കുള്ളിലെ രണ്ടു സ്രവസാമ്പിളുകളും നെഗറ്റീവ് ആയിട്ടുണ്ട്. തുടർ ചികിത്സാനടപടികൾ മെഡിക്കൽ ബോർഡ് തീരുമാനിക്കും.
Post a Comment