മതിൽ ചാടിക്കടക്കാൻ ശ്രമിക്കുന്നതിനിടെ ഗേറ്റിലെ കമ്പി വിദ്യാർഥിയുടെ ശരീരത്തിൽ തുളച്ചുകയറി, രക്ഷിച്ച് ഫയർഫോഴ്സ്.

പട്ടത്തെ സ്വകാര്യ സ്‌കൂളിലെ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിന് പിന്നാലെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാർഥിക്ക് മതിലിലെ ഗേറ്റിന്‍റെ കമ്പി തുളച്ചുകയറി ഗുരുതര പരിക്ക്. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. കുട്ടികൾ തമ്മിലുണ്ടായ വഴക്ക് സംഘർഷത്തിലെത്തിയതോടെ ഓടിയെത്തിയ പത്താം ക്ലാസ് വിദ്യാർഥി പട്ടം എൽഐസി ലൈനിലെ വീടിന്‍റെ മതിൽ ചാടിക്കടക്കാൻ ശ്രമിക്കവേയായിരുന്നു അപകടം.

വീടിന്‍റെ സൺഷേഡിലൂടെ ഓടിയെത്തിയ കുട്ടി താഴേക്ക് ചാടുന്നതിനിടെ ഗേറ്റിൽ സ്ഥാപിച്ചിരുന്ന ഏകദേശം 35 മില്ലീ മീറ്റർ‌ നീളവും 3 മില്ലീ മീറ്റർ വ്യാസവുമുള്ള ഇരുമ്പ് കമ്പിയാണ് വിദ്യാർത്ഥിയുടെ പിൻഭാഗത്തിലൂടെ ശരീരത്തിന്‍റെ ഉള്ളിലേക്ക് കയറി കുടുങ്ങിയത്. കമ്പിയിൽ കോർത്തുപോയ വിദ്യാർഥിക്ക് അനങ്ങാൻ പോലും കഴിയാത്ത അവസ്ഥയായി. ഇതോടെ സമീപത്തുണ്ടായിരുന്നവർ തിരുവനന്തപുരം ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞ് തിരുവനന്തപുരം ഫയർ സ്റ്റേഷനിൽ നിന്നും ഗ്രേഡ് അസിസ്റ്റന്‍റ് സ്റ്റേഷൻ ഓഫീസർ ഷെഹീന്‍റെ നേതൃത്വത്തിലുള്ള ഫയർഫോഴ്‌സ് സംഘം ഉടനടി സ്ഥലത്തെത്തി. ഏകദേശം 25 സെന്‍റീമീറ്ററോളം ശരീരത്തിലേക്ക് കമ്പി തുളച്ചുകയറുകയായിരുന്നു. അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് കുട്ടിയെ രക്ഷിക്കാനായത്. അത്യാധുനിക കട്ടിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് വിദ്യാർഥിയുടെ ശരീരത്തിൽ തറഞ്ഞുനിന്ന ഇരുമ്പുകമ്പികൾ അതീവ ശ്രദ്ധയോടെ ഫയർഫോഴ്‌സ് സംഘം മുറിച്ചുമാറ്റി. തുടർന്ന് ഫയർഫോഴ്‌സിന്‍റെ ആംബുലൻസിൽ തന്നെ വിദ്യാർഥിയെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിക്കുകയും വിദഗ്ധ ചികിത്സ ലഭ്യമാക്കുകയുമായിരുന്നു.കുട്ടി തീവ്രപരിചരണ വിഭാഗത്തിലാണെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.

Post a Comment

Previous Post Next Post