മഴക്കാലപൂര്‍വ രോഗ പ്രതിരോധ മുന്നൊരുക്കങ്ങള്‍ ശക്തമാക്കും : മന്ത്രി കെ. മുരളീധരന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു.

മഴക്കാല രോഗ പ്രതിരോധ മുന്നൊരുക്കങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യ-ദേവസ്വം  വകുപ്പ് മന്ത്രി കെ. മുരളീധരന്‍ നിര്‍ദേശം നല്‍കി. മഴക്കാലപൂര്‍വ രോഗ പ്രതിരോധ മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള ഉന്നതതലയോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്.  പകര്‍ച്ചവ്യാധി വ്യാപനം ഉണ്ടായാല്‍ രോഗികള്‍ക്ക് മതിയായ ചികിത്സ ലഭ്യമാക്കാന്‍ ആവശ്യമായ സംവിധാങ്ങളൊരുക്കാനും  മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്താനും അടിയന്തിര പ്രാധാന്യം നല്‍കാന്‍ നിര്‍ദ്ദേശിച്ചു. 

മുന്‍പ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. തദ്ദേശ സ്ഥാപന, വാര്‍ഡ് തലങ്ങളില്‍ ഇവ പരിശോധിച്ച് പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. പ്രദേശങ്ങളില്‍ ബോധവത്ക്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കാനും അവബോധം ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. 
ഡെങ്കിപ്പനി നിയന്ത്രണത്തിന് വീടുകള്‍ക്കുള്ളില്‍ സ്പ്രേ ചെയ്യാനാവശ്യമായ മണ്ണെണ്ണയുടെ ലഭ്യത ഉറപ്പുവരുത്താന്‍ സിവില്‍ സപ്ലൈസ് വകുപ്പുമായി ഏകോപനം നടത്തണം. വീടിനു ചുറ്റും മഴവെള്ളം കെട്ടി നില്‍ക്കുന്നത്  തടയാനും വീട്ടിനുള്ളിലെ ചെടിച്ചട്ടികള്‍, നിര്‍മാണം നടക്കുന്ന കെട്ടിടങ്ങള്‍ തുടങ്ങിയിടങ്ങളില്‍ ശുദ്ധജലം കെട്ടിനില്‍ക്കുന്നില്ല എന്നുറപ്പാക്കാനും നടപടികള്‍ സ്വീകരിക്കണം.

ഭക്ഷണ സുരക്ഷിതത്വം ഉറപ്പാക്കാന്‍ വിതരണ സ്ഥാപനങ്ങളിലെ പരിശോധനകള്‍ ശക്തമാക്കണം. ജ്യൂസ് തയാറാക്കാന്‍ ഉപയോഗിക്കുന്ന ഐസ്, വെള്ളം എന്നിവ സുരക്ഷിതമാണെന്ന് ഉറപ്പാക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പുമായി ചേര്‍ന്ന് പരിശോധനകള്‍ കര്‍ശനമാക്കണം.

അമീബിക് മസ്തിഷ്‌ക ജ്വരം തടയാന്‍ റിസോര്‍ട്ടുകളിലുള്‍പ്പെടെയുള്ള നീന്തല്‍ക്കുളങ്ങളിലെയും, നീന്തല്‍ പരിശീലന കേന്ദ്രങ്ങളിലെയും വെള്ളം ക്ലോറിനേഷന്‍ നടത്താന്‍ നടപടി സ്വീകരിക്കണം. കുളങ്ങളില്‍ മുങ്ങിക്കുളിക്കുന്നവര്‍ കുളത്തിലേക്ക് ചാടുമ്പോഴും മുങ്ങുമ്പോഴും മൂക്ക് അടച്ച് പിടിക്കാന്‍ ശ്രദ്ധിക്കുന്നത് സംബന്ധിച്ചും ബോധവത്ക്കരണം നടത്തണം. വീടുകളിലെ കിണറുകള്‍, ഓവര്‍ ഹെഡ് ടാങ്കുകള്‍ എന്നിവ കൃത്യമായി ക്ലോറിനേറ്റ് ചെയ്യണം.
മലിന ജലവുമായി കൂടുതല്‍ സമ്പര്‍ക്കമുള്ള തൊഴില്‍ ചെയ്യുന്നവര്‍ തൊഴിലിനിറങ്ങുന്നതിനു മുമ്പ് എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സി സൈക്ലിന്‍ കഴിക്കണം. കുടിവെള്ള വിതരണ ശൃഖലകളില്‍ കുടിവെള്ളം കൃത്യമായി അണുനശീകരണം നടത്താന്‍ ജലവിഭവ വകുപ്പ്, ജലനിധി എന്നിവയുമായി ഏകോപിപ്പിച്ച് നടപടിയെടുക്കണം.

അതിഥി തൊഴിലാളികളില്‍ മലമ്പനി കണ്ടെത്തിയാല്‍ അടിയന്തിരമായി ചികിത്സ നല്‍കുകയും രോഗവ്യാപനം തടയാന്‍ വേണ്ട പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം. തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ക്യാമ്പുകള്‍ നടത്തി എല്ലാവരെയും സ്‌ക്രീന്‍ ചെയ്യുന്നുവെന്ന് ഉറപ്പാക്കണം. തൊഴില്‍വകുപ്പുമായി ചേര്‍ന്ന് അതിഥി തൊഴിലാളികളുടെയിടയില്‍ രോഗപ്രതിരോധ നടപടികള്‍ സ്വീകരിക്കണം.

ആശുപത്രികളിലെ ഇന്‍ഫെക്ഷന്‍ കണ്ട്രോള്‍ നടപടികള്‍ ശക്തമാക്കണം. ശുചിമുറികള്‍ ഉള്‍പ്പെടെ വൃത്തിയായി സൂക്ഷിക്കാന്‍ നടപടിയെടുക്കണം.

ജില്ലകളിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനം ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍മാരുടെയും വിവിധ വകുപ്പു മേധാവികള്‍ തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ എന്നിവരുടെ യോഗം വിളിച്ച് ചേര്‍ക്കണം. ആശാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം കൂടുതല്‍ ഉപയോഗിച്ച് വീടുകള്‍ കേന്ദ്രീകരിച്ച് രോഗപ്രതിരോധ നടപടികള്‍ സ്വീകരിക്കണം.

സ്‌കൂളുകളില്‍ ആദ്യ രക്ഷാകര്‍തൃ യോഗത്തില്‍ത്തന്നെ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രോഗപ്രതിരോധ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ നല്‍കണം. സ്‌കൂളുകളുടെ ജലസ്രോതസുകള്‍ അണുവിമുക്തമാക്കുന്നതുള്‍പ്പെടെയുള്ള ആരോഗ്യ സുരക്ഷാ നടപടികള്‍ ഉറപ്പുവരുത്തണം. വിദ്യാര്‍ത്ഥികള്‍, എന്‍.എസ്.എസ് വോളന്റിയര്‍മാര്‍ എന്നിവരെ കേന്ദ്രീകരിച്ച് രോഗപ്രതിരോധം സംബന്ധിച്ച ബോധവത്കരണം നടത്തി വിദ്യാര്‍ത്ഥികളുടെയിടയില്‍ അവബോധം ശക്തമാക്കണം. മഞ്ഞപ്പിത്തം തടയാന്‍ തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്ന ശീലം വ്യാപകമാക്കാന്‍ ബോധവത്കരണം ശക്തമാക്കണം.

ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ ഐ.എ.എസ്, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ്മ ഐ.എ.എസ്, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ റീന, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. വിശ്വനാഥന്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു

Post a Comment

Previous Post Next Post