സസ്‌പെൻസിന് വിരാമം; വി ഡി സതീശന്‍ കേരള മുഖ്യമന്ത്രി, ഹൈക്കമാന്‍ഡ് പ്രഖ്യാപനമെത്തി.

ഭരണത്തുടർച്ചയുടെ രണ്ടാം ഊഴം പൂർത്തിയാക്കിയ എൽഡിഎഫിന് തിരിച്ചടി നൽകി, കേരളം യുഡിഎഫിന് അധികാരം കൈമാറുമ്പോൾ ആ വിജയത്തിന്റെ ശില്പിയായ വി.ഡി. സതീശൻ മുഖ്യമന്ത്രി പദത്തിലേക്ക്. വോട്ടെണ്ണൽ ദിനം മുതൽ ആരാണ് മുഖ്യമന്ത്രി എന്ന് കേരളം ഉറ്റുനോക്കിയ ചോദ്യത്തിനാണ് ഇപ്പോൾ തിരശ്ശീല വീണിരിക്കുന്നത്.ആഴ്ചകൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും ഹൈക്കമാൻഡ് ചർച്ചകൾക്കുമൊടുവിലാണ് യുഡിഎഫിനെ ചരിത്രവിജയത്തിലേക്ക് നയിച്ച വി.ഡി. സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ചത്.

 കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കളുടെ പേരുകൾ സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും, കഴിഞ്ഞ അഞ്ച് വർഷം പ്രതിപക്ഷ നിരയിൽ സതീശൻ നടത്തിയ സമാനതകളില്ലാത്ത പോരാട്ടവും പാർട്ടി പ്രവർത്തകർക്കിടയിലെ വലിയ സ്വീകാര്യതയുമാണ് അദ്ദേഹത്തിന് തുണയായത്.  കഴിഞ്ഞ അഞ്ച് വർഷം സഭയ്ക്കകത്തും പുറത്തും സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളും നയപരമായ വീഴ്ചകളും വസ്തുതകൾ നിരത്തി നേരിട്ട സതീശന്റെ ശൈലി ജനങ്ങൾക്കിടയിൽ വലിയ സ്വാധീനമുണ്ടാക്കി. 

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ ഉയർന്നുവന്ന സതീശൻ, താൻ കൈവെച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ്.1964 മെയ് 31-ന് നെട്ടൂരിൽ വടശ്ശേരി ദാമോദരന്റെയും വി. വിലാസിനിയമ്മയുടെയും മകനായി ജനിച്ചു. നെട്ടൂർ എസ്‌വിയുപി സ്കൂൾ, പനങ്ങാട് ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ പഠനം. തേവര സേക്രഡ് ഹാർട്ട് കോളജിലും തിരുവനന്തപുരം ലോ കോളജിലുമായി ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി. എം.ജി. സർവകലാശാലാ യൂണിയൻ ചെയർമാൻ, എൻഎസ്‍യു ദേശീയ സെക്രട്ടറി, എഐസിസി സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.

1996-ൽ നിയമസഭയിലേക്കുള്ള ആദ്യ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും തോൽവിയിൽ തളരാതെ പോരാടിയ സതീശൻ 2001-ൽ പറവൂർ മണ്ഡലത്തിൽ നിന്ന് കന്നി ജയം നേടി. പിന്നീട് നടന്ന അഞ്ച് തെരഞ്ഞെടുപ്പുകളിലും (2006, 2011, 2016, 2021, 2026) പറവൂർ മണ്ഡലം അദ്ദേഹത്തെ കൈവിട്ടില്ല. 2021-ൽ രമേശ് ചെന്നിത്തലയ്ക്ക് പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്തത് സതീശന്റെ രാഷ്ട്രീയ ജീവിതത്തിലെ വഴിത്തിരിവായി. വെറും രാഷ്ട്രീയ പ്രസംഗങ്ങൾക്കപ്പുറം, കൃത്യമായ ഡാറ്റയും രേഖകളും സഹിതം നിയമസഭയിൽ സർക്കാരിനെ പ്രതിരോധത്തിലാക്കിയ അദ്ദേഹത്തിന്റെ ശൈലി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കോൺഗ്രസിലെ തലമുറമാറ്റത്തിന്റെ അടയാളമായി പ്രതിപക്ഷ നേതൃസ്ഥാനത്തെത്തിയ സതീശൻ, ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റുന്നതിൽ വിജയിച്ചു. 2026-ലെ ഈ ഉജ്ജ്വല വിജയത്തിന് അടിത്തറയിട്ടത് അദ്ദേഹത്തിന്റെ അഞ്ച് വർഷത്തെ ചിട്ടയായ പ്രവർത്തനങ്ങളാണ്. രണ്ടര പതിറ്റാണ്ടിലേറെ നീണ്ട നിയമസഭാ പരിചയവും ഭരണഘടനാ വിഷയങ്ങളിലെ അഗാധമായ അറിവും വി.ഡി. സതീശന് മുഖ്യമന്ത്രിയെന്ന നിലയിലുള്ള പ്രവർത്തനം സുഗമമാക്കുമെന്ന് വിലയിരുത്തപ്പെടുന്നത്. വരും ദിവസങ്ങളിൽ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ തിരുവനന്തപുരത്ത് സജീവമാകും.

Post a Comment

Previous Post Next Post