സെന്‍സസ് 2027: ഫീല്‍ഡ് ട്രെയിനര്‍മാര്‍ക്ക് പരിശീലനം.


രാജ്യത്തെ പതിനാറാമത് ജനസംഖ്യാ കണക്കെടുപ്പായ സെന്‍സസ് 2027-ന്റെ ഭാഗമായി ഫീല്‍ഡ് ട്രെയിനര്‍മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു. ജില്ലാ സെന്‍സസ് വകുപ്പും ജില്ലാ ഭരണകൂടവും ചേര്‍ന്ന് സംഘടിപ്പിച്ച പരിശീലന പരിപാടി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ ജോയിന്റ് ഡയറക്ടര്‍ ശൈലേന്ത്ര അത്തായി ഉദ്ഘാടനം ചെയ്തു. 25 ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ക്കാണ് പരിശീലനം നല്‍കിയത്. വീടുകളില്‍ നേരിട്ടെത്തി വിവരശേഖരണം നടത്തുന്ന എന്യുമറേറ്റര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും പരിശീലനം നല്‍കേണ്ടവരാണ് ഫീല്‍ഡ് ട്രെയിനര്‍മാര്‍. 

സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ എ എസ് ബിജേഷ്, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ അജിലി വാസുദേവന്‍, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ ടി രാകേഷ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. സെന്‍സസ് വകുപ്പ് ഉദ്യോഗസ്ഥര്‍, തിരഞ്ഞെടുത്ത ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സ്വതന്ത്ര ഇന്ത്യയിലെ എട്ടാമത്തെ സെന്‍സസ് മൊബൈല്‍ ആപ്പ് വഴിയാണ് നടത്തുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ നടക്കുക. വീടുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതാണ് (ഹൗസ് ലിസ്റ്റിങ് ഓപ്പറേഷന്‍-എച്ച്.എല്‍.ഒ) ആദ്യഘട്ടം. ഇതിനായി ജൂലൈ ഒന്നു മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ എന്യൂമറേറ്റര്‍മാര്‍ വീടുകളിലെത്തും. ഇതിനു മുന്നോടിയായി ജൂണ്‍ 16 മുതല്‍ 30 വരെ വ്യക്തികള്‍ക്ക് പ്രത്യേക വെബ് പോര്‍ട്ടല്‍ (https://se.census.gov.in) വഴി സ്വന്തം നിലയ്ക്ക് വിവരങ്ങള്‍ നല്‍കാന്‍ അവസരം നല്‍കും. ഓരോ വീട്ടിലെയും അടിസ്ഥാന സാഹചര്യങ്ങള്‍, ആസ്തികള്‍, സൗകര്യങ്ങള്‍ തുടങ്ങിയ വിവരങ്ങളാണ് ആദ്യഘട്ടത്തില്‍ ശേഖരിക്കുക. 2027 ഫെബ്രുവരിയില്‍ നടക്കുന്ന രണ്ടാം ഘട്ടത്തില്‍ ഓരോ വീട്ടിലെയും അംഗങ്ങളുടെ എണ്ണം, ഓരോ വ്യക്തിയുടെയും സാമൂഹിക-സാമ്പത്തിക വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളും ശേഖരിക്കും.

Post a Comment

Previous Post Next Post