കെമിക്കൽ ഫ്രീയെന്ന് കച്ചവടക്കാരൻ, 1800 രൂപയ്ക്ക് മാമ്പഴം വാങ്ങി യുവതി, മുറിച്ചു നോക്കിയപ്പോൾ കിളി പോയി.

എന്തുവാങ്ങിയാലും പറ്റിക്കപ്പെടും എന്ന അവസ്ഥയാണ് ഇപ്പോൾ. ഒന്നും വിശ്വസിച്ച് കഴിക്കാൻ പറ്റാത്ത അവസ്ഥ. അതുപോലെ ഒരു അനുഭവമാണ് ഇപ്പോൾ എക്സിൽ (ട്വിറ്റർ) ഒരു യുവതി ഷെയർ ചെയ്തിരിക്കുന്നത്. 'കെമിക്കൽ ഫ്രീ' എന്ന് വിശ്വസിപ്പിച്ചതിനെ തുടർന്ന് താൻ വാങ്ങിയ മാമ്പഴം മുറിച്ചു നോക്കിയപ്പോൾ കബളിപ്പിക്കപ്പെട്ട അനുഭവമാണ് @Naliniskitchen എന്ന യൂസർ പങ്കുവച്ചിരിക്കുന്നത്. തോട്ടത്തിൽ നിന്ന് നേരിട്ടെത്തിക്കുന്ന ഉയർന്ന ഗുണനിലവാരമുള്ള മാമ്പഴമെന്ന് അവകാശപ്പെട്ടാണ് കച്ചവടക്കാരൻ ഇവർക്ക് മാങ്ങ വിറ്റത്. 1,800 രൂപയ്ക്ക് 10 കിലോ മാമ്പഴമാണ് യുവതി വാങ്ങിയത്. പുറമെ നിന്ന് നോക്കുമ്പോൾ നല്ല ഓറഞ്ച്-മഞ്ഞ നിറത്തിൽ പഴുത്ത രൂപത്തിലായിരുന്നു ഇവയുണ്ടായിരുന്നതും.

എന്നാൽ അഞ്ച് ദിവസത്തിന് ശേഷം ഇവ മുറിച്ചു നോക്കിയപ്പോൾ യുവതി ശരിക്കും ഞെട്ടി. പുറത്ത് നല്ല നിറമായിരുന്നെങ്കിലും മാമ്പഴത്തിന്റെ ഉൾഭാഗം വെളുത്ത നിറത്തിലും ഒട്ടും രുചിയില്ലാത്ത അവസ്ഥയിലുമായിരുന്നു. മാമ്പഴങ്ങൾ മോശമാണെന്ന് കണ്ടതോടെ യുവതി അത് തിരികെ നൽകാൻ തീരുമാനിച്ചു. എന്നാൽ, അവർ പരാതി പറയുന്നതിന് മുമ്പ് വീണ്ടും വില ചോദിച്ചു. '10 കിലോയ്ക്ക് 1,800 രൂപ, തോട്ടത്തിൽ നിന്ന് നേരിട്ടെത്തിക്കുന്ന രാസവസ്തുക്കൾ കലരാത്ത മാമ്പഴമാണ്. എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ തിരികെ തന്നോളൂ' എന്നായിരുന്നു അയാൾ ഇത്തവണയും പറഞ്ഞത്.

തുടർന്ന് താൻ വാങ്ങിയ മാമ്പഴം യുവതി തിരികെ നൽകി. അത് പരിശോധിക്കാനോ ചോദ്യങ്ങൾ ചോദിക്കാനോ നിൽക്കാതെ കച്ചവടക്കാരൻ ഉടൻ തന്നെ പണം തിരികെ നൽകി. കച്ചവടക്കാരന്റെ ഈ പെട്ടെന്നുള്ള പ്രതികരണം തന്നെ മാമ്പഴം കൃത്രിമമായി പഴുപ്പിച്ചതാണെന്ന് ഉറപ്പിക്കാൻ കാരണമായെന്നും യുവതി പറയുന്നു. 'ഓർഗാനിക്', 'കെമിക്കൽ ഫ്രീ' തുടങ്ങിയ വാക്കുകൾ കൂടുതൽ തുക തട്ടാനുള്ള അടവായി മാറുകയാണ് എന്നും യുവതി ആരോപിക്കുന്നു. പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. സമാനമായ അനുഭവങ്ങളെ കുറിച്ചും ഒന്നും വിശ്വസിച്ച് വാങ്ങാൻ പറ്റാത്ത അവസ്ഥയാണ് എന്നും നിരവധിപ്പേർ പ്രതികരിച്ചു.

Post a Comment

Previous Post Next Post