പാമ്പുകടിയ്ക്കെതിരെ പ്രതിരോധവും സമയബന്ധിതമായ ചികിത്സയും വളരെ പ്രധാനമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ചൂട് അധികമായതിനാല്‍ ഇഴ ജന്തുക്കള്‍ തണുപ്പുള്ള പ്രദേശം തേടിയെത്തുന്നതിനാല്‍ വീടും പരിസരവും ശ്രദ്ധയോടെ സൂക്ഷിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്. ജനവാസമേഖലകള്‍ കാടും പടര്‍പ്പും കേറാതേയും മാളങ്ങള്‍, പൊത്തുകള്‍, മുതലായവ അടച്ചും വൃത്തിയായും സൂക്ഷിക്കാന്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.
പാമ്പുകടിയേറ്റാല്‍ സമയോചിതമായ പ്രഥമശുശ്രൂഷയും വിദഗ്ധ ചികിത്സയും നല്‍കിയാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിക്കും. താലൂക്കുതലം മുതലുള്ള ആശുപത്രികളില്‍ പാമ്പുകടി ചികിത്സയ്ക്കുള്ള ആന്റി സ്നേക്ക് വെനം ലഭ്യമാണെന്നും, എല്ലാ ആശുപത്രികളും പ്രോട്ടോകോള്‍ പ്രകാരമുള്ള ചികിത്സ ഉറപ്പാക്കണമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. വീട്ടിനുള്ളില്‍ പാമ്പ് കടിയേല്‍ക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനായി എല്ലാവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്.
വാതിലുകളും ജനലുകളും അടച്ചിടുന്നതടക്കമുള്ള മുന്‍കരുതലുകള്‍ ഇതിനായി സ്വീകരിക്കണം. വീടിന് പുറത്ത് കിടന്ന് ഉറങ്ങാതിരിക്കുക, ഉറങ്ങുന്നതിന് മുമ്പ് കിടക്കയും പുതപ്പും സുരക്ഷിതമാണെന്ന് ഉറപ്പാക്കുക , വീടിനോട് ചേര്‍ന്ന് വിറക്, തൊണ്ട്, ചിരട്ട, തുണികള്‍ തുടങ്ങിയവ കൂട്ടി വയ്ക്കുന്നത് ഒഴിവാക്കുക, രാത്രിയില്‍ വീടിനുള്ളിലും പുറത്തും മതിയായ വെളിച്ചം ഉറപ്പാക്കുക തുടങ്ങിയ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കേണ്ടതാണെന്ന് ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തിലുണ്ട്.
Post a Comment