ഓര്‍മയില്ലേ ആ ലോക്ഡൗണ്‍ കാലം. പുറത്തിറങ്ങാതെ, വാഹനങ്ങള്‍ ഓടാതെ, കടകള്‍ തുറക്കാതെ, രാജ്യമാകെ നിശ്ചലമായ കോവിഡ് ലോക്ഡൗണ്‍ കാലം. രാജ്യത്ത് കോവിഡ് ലോക്ഡൗണിന് ഇന്ന് ആറാം വാര്‍ഷികമാണ്. കോവിഡ് വ്യാപനത്തിന്റെ തുടക്കവേളയില്‍ 2020 മാര്‍ച്ച് 25നാണ് ആദ്യമായി ഇന്ത്യയില്‍ ലോക്ഡൗണ്‍ നടപ്പാക്കിയത്.
2020 മാര്‍ച്ച് 22ന് രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം 'ജനതാ കര്‍ഫ്യൂ' ആചരിച്ചിരുന്നു. ഇതിന്റെ മൂന്നാംദിവസമാണ് ആദ്യ ലോക്ഡൗണ്‍ നിലവില്‍ വന്നത്. പലഘട്ടങ്ങളിലായി മാസങ്ങള്‍ നീണ്ട ലോക്ഡൗണ്‍ പരമ്പരയുടെ തുടക്കമായിരുന്നു ഇത്. തുടക്കത്തില്‍ രാജ്യത്ത് സമ്പൂര്‍ണമായിരുന്നു ലോക്ഡൗണ്‍.
കടകമ്പോളങ്ങള്‍ അടച്ചിട്ടു. ജനങ്ങള്‍ പുറത്തിറങ്ങാതെ വീടകങ്ങളില്‍ തന്നെ കൂടി. വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. പൊതുഗതാഗത സംവിധാനങ്ങളും പ്രവര്‍ത്തിച്ചില്ല. ഏപ്രില്‍ 14 വരെ 21 ദിവസമായിരുന്നു ആദ്യഘട്ട ലോക്ഡൗണ്‍. കോവിഡിന്റെ തീവ്രമുഖം തുടര്‍ന്നുള്ള നാളുകളില്‍ കണ്ടു. ഏപ്രില്‍ 15 മുതല്‍ മേയ് മൂന്ന് വരെ രണ്ടാംഘട്ട ലോക്ഡൗണും, മേയ് നാല് മുതല്‍ 17 വരെ മൂന്നാംഘട്ട ലോക്ഡൗണും മേയ് 18 മുതല്‍ 31 വരെ നാലാംഘട്ട ലോക്ഡൗണും നടപ്പായി.
2020 ജൂണ്‍ ഒന്ന് മുതലാണ് കര്‍ശന ലോക്ഡൗണില്‍ ഘട്ടംഘട്ടമായി ഇളവുകള്‍ അനുവദിച്ചത്.ഇന്ത്യയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലായിരുന്നു. 2020 ജനുവരി 27ന് തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ 20കാരിയായ വിദ്യാര്‍ഥിനിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ചൈനയിലെ കോവിഡ് പ്രഭവകേന്ദ്രമായ വുഹാനില്‍ നിന്ന് ജനുവരി 23ന് തിരിച്ചെത്തിയതായിരുന്നു വിദ്യാര്‍ഥി. ഇതിന് പിന്നാലെ രാജ്യത്ത് വിവിധയിടങ്ങളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങി.
ഏറ്റവുമൊടുവിലത്തെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 5,33,570 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 4,50,35,393 പേര്‍ക്ക് രോഗം ബാധിച്ചു. കോവിഡിന്റെ ഭീഷണി ഒഴിഞ്ഞെങ്കിലും പലയിടങ്ങളിലായി കേസുകള്‍ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം കഴിഞ്ഞ ഒരാഴ്ചക്കിടെ ലോകത്താകെ 10,363 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Post a Comment