കടുത്ത വേനൽ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന പ്രവർത്തകർക്കായി ദുരന്ത നിവാരണ അതോറിറ്റി വേനൽക്കാല മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
1. നിർജലീകരണം തടയാം
* പ്രചാരണത്തിന് ഇറങ്ങുമ്പോൾ എപ്പോഴും കൈയ്യിൽ ഒരു കുപ്പി കുടിവെള്ളം കരുതുക. ദാഹം തോന്നിയില്ലെങ്കിലും കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുന്നത് ശീലമാക്കുക.
* ഒ.ആർ.എസ്, ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, സംഭാരം (മോര്) എന്നിവ ശരീരത്തിലെ ലവണാംശം നിലനിർത്താൻ സഹായിക്കും.
* അമിതമായ ചായ, കാപ്പി, കാർബണേറ്റഡ് പാനീയങ്ങൾ, മദ്യം എന്നിവ ഒഴിവാക്കുക. ഇവ ശരീരത്തെ കൂടുതൽ നിർജ്ജലീകരണത്തിലേക്ക് നയിക്കും.
2. സമയക്രമവും വസ്ത്രധാരണവും
* നേരിട്ടുള്ള വെയിൽ ഏൽക്കുന്ന രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെയുള്ള സമയം വീടുകൾ കയറിയുള്ള പ്രചാരണം പരമാവധി ഒഴിവാക്കുക. ഈ സമയം യോഗങ്ങൾക്കോ ഇൻഡോർ പ്രവർത്തനങ്ങൾക്കോ ഉപയോഗിക്കാം.
* കട്ടി കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. ഇത് വായുസഞ്ചാരത്തിന് സഹായിക്കും.
* വെയിലത്തിറങ്ങുമ്പോൾ കുട, വീതിയുള്ള തൊപ്പി, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുക.
3. ഭക്ഷണരീതി
* എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുക. പഴകിയ ഭക്ഷണം ഒഴിവാക്കുക.
* വെള്ളരിക്ക, തണ്ണിമത്തൻ തുടങ്ങിയ ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
4. പ്രഥമശുശ്രൂഷയും മുൻകരുതലും
* അമിതമായ ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ശരീരം ചുവന്നു തടിക്കൽ എന്നിവ കണ്ടാൽ ഉടൻ തണലുള്ള സ്ഥലത്തേക്ക് മാറി വിശ്രമിക്കുക.
* ഗ്രൂപ്പുകളായി പ്രചാരണം നടത്താൻ ശ്രദ്ധിക്കുക. ആർക്കെങ്കിലും ശാരീരിക അസ്വസ്ഥത ഉണ്ടായാൽ പരസ്പരം സഹായിക്കാൻ ഇത് ഉപകരിക്കും.
* പ്രചാരണത്തിനിടെ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ തനിച്ച് ഇരുത്തി പോകരുത്.
അടിയന്തര സാഹചര്യങ്ങളിൽ സഹായത്തിന് ആംബുലൻസ്- 108, ഡിസാസ്റ്റർ മാനേജ്മെന്റ് ഹെൽപ്പ്ലൈൻ: 1077 (ജില്ലാ അടിസ്ഥാനത്തിൽ),
ദിശ (ആരോഗ്യ വകുപ്പ്): 1056 നമ്പറുകളിൽ ബന്ധപ്പെടാം.
Post a Comment