മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ ഫലം കണ്ടു, കൊയിലാണ്ടി - താമരശ്ശേരി -എടവണ്ണ സംസ്ഥാന പാതയിൽ കുഴി അടക്കൽ ആരംഭിച്ചു.

താമരശ്ശേരി: 228 കോടി രൂപ ചിലവഴിച്ച് നവീകരിച്ച കൊയിലാണ്ടി -താമരശ്ശേരി -എടവണ്ണ സംസ്ഥാനപതയിൽ കൊയിലാണ്ടി മുതൽ ഇരഞ്ഞിമാവ് വരെയുള്ള റീച്ചിൽ വാഹനങ്ങളുടെ ടയർ പതിയുന്ന ഭാഗം താഴ്ന്ന് പോയ സ്ഥലങ്ങളിൽ കുഴിയടക്കൽ ആരംഭിച്ചു. കരാറുകാരായ ശ്രീധന്യ കൺസ്ട്രക്ഷൻ കമ്പനിയാണ് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിനെ തുടർന്ന് അടിയന്തിര കുഴിയടക്കൽ പ്രവൃത്തി രാത്രിയിൽ നടത്തുന്നത്.റോഡ് വ്യാപകമായി താഴ്ന്നുപോയതിനാൽ ഇരുചക്ര വാഹനങ്ങൾ അടക്കമുള്ള വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായിരുന്നു.

റോഡിലെ നിലവിലെ അപകട സാധ്യത ഒഴിവാക്കുന്നതിനായി അടിയന്തിര താൽക്കാലിക സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കി ഒരു മാസത്തിനുള്ളിൽ ആക്ഷൻ ടെയ്ക്കൺ റിപ്പോർട്ട് സമർപ്പിക്കുവാൻ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ് PWD ചീഫ് എഞ്ചിനിയറോടും, KSTP പ്രോജക്ട് ഡയരക്ടറോടും KSTP കണ്ണുർ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയ റോടും നിർദേശിച്ചിരുന്നു.

കമ്പനി ഒപ്പുവെച്ച കരാർ പ്രകാരമുള്ള വ്യവസ്ഥകൾ കൃത്യമായി പ്രാബല്യത്തിൽ കൊണ്ടു വന്ന് നിശ്ചിത സമയ പരിതിക്കുള്ളിൽ പരിഹരിക്കുവാൻ കഴിഞ്ഞിട്ടില്ലെങ്കിൽ കരാർ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തണമെന്നും, എഗ്രിമെൻ്റിലെ പിഴ, ഡിഫോൾട്ട് ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ ആരംഭിക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചിരുന്നു.

റോഡിലെ നവീകരണ പ്രവൃത്തി പൂർത്തീകരിച്ച് ഒരു വർഷം തികയുന്നതിനു മുമ്പുതന്നെ റോഡിൻ്റെ തകർച്ച ആരംഭിച്ചിരുന്നു

Post a Comment

Previous Post Next Post