മുൻകൂട്ടി സന്ദേശങ്ങൾ തയ്യാറാക്കി നിർദ്ദിഷ്‍ട തീയതിയിലും സമയത്തും ഓട്ടോമാറ്റിക്കായി അയയ്ക്കാൻ സാധിക്കുന്ന പുതിയ 'ഷെഡ്യൂൾഡ് മെസേജസ്' ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. ജന്മദിനാശംസകൾ, പ്രധാന റിമൈൻഡറുകൾ, അല്ലെങ്കിൽ സമയപരിധിയുള്ള അറിയിപ്പുകൾ എന്നിവ കൃത്യസമയത്ത് എത്തിക്കുന്നതിന് ഈ ഫീച്ചർ സഹായകരമാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അയയ്ക്കുന്നതിന് മുൻപ് ഷെഡ്യൂൾ ചെയ്ത സന്ദേശങ്ങൾ തിരുത്തുകയോ റദ്ദാക്കുകയോ ചെയ്യാനുള്ള സൗകര്യവും ഉപയോക്താക്കൾക്ക് ലഭിക്കും.
എന്താണ് വാട്‌സ്ആപ്പ് ഷെഡ്യൂൾഡ് മെസേജസ് ഫീച്ചര്‍?
ഐഒഎസിനായുള്ള വാട്‌സ്ആപ്പ് ബീറ്റ പതിപ്പ് 26.7.10.72-ൽ ഈ പുതിയ ഫീച്ചർ കണ്ടെത്തിയതായി വാട്‌സ്ആപ്പ് ഫീച്ചര്‍ ട്രാക്കറായ വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്‌തു. ആപ്പിളിന്‍റെ ടെസ്റ്റ്ഫ്ലൈറ്റ് ആപ്പിലൂടെ ലഭ്യമായ ഈ ബീറ്റ പതിപ്പിൽ ഫീച്ചർ പരീക്ഷണാടിസ്ഥാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരീക്ഷണം പൂർത്തിയായ ശേഷം ഐഫോൺ ഉപയോക്താക്കൾക്ക് ഇത് പൊതുവായി ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒരു സന്ദേശം ഷെഡ്യൂൾ ചെയ്‌താൽ അത് നിർദ്ദിഷ്‍ട സമയത്ത് വരെ ക്യൂവിൽ തുടരും എന്നാണ് റിപ്പോര്‍ട്ട്. ഷെഡ്യൂൾ ചെയ്ത സന്ദേശങ്ങൾ ചാറ്റ് ഇൻഫോ സ്ക്രീനിലെ പ്രത്യേക വിഭാഗത്തിൽ കാണാൻ സാധിക്കും. ഉപയോക്താക്കൾക്ക് എത്ര സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്ന് പരിശോധിക്കാനും അവ നിയന്ത്രിക്കാനും സാധിക്കും. സന്ദേശം സെന്‍റ് ആവുന്നതിന് മുൻപ് എപ്പോഴും അത് തിരുത്താനോ ഇല്ലാതാക്കാനോ കഴിയും. ഒരു സന്ദേശം റദ്ദാക്കിയാൽ, അതിനെക്കുറിച്ച് സ്വീകരിക്കുന്നയാൾക്ക് യാതൊരു അറിയിപ്പും ലഭിക്കില്ല. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ഈ സൗകര്യം പ്രവർത്തിക്കുമെന്നാണ് സൂചന. ഇതിലൂടെ ജന്മദിനാശംസകൾ, ജോലിസംബന്ധമായ അറിയിപ്പുകൾ, റിമൈൻഡറുകൾ തുടങ്ങിയവ മുൻകൂട്ടി ക്രമീകരിക്കാൻ സാധിക്കും.
ഇപ്പോൾ ഐഫോൺ ഉപയോക്താക്കൾക്ക് വാട്‌സ്ആപ്പ് സന്ദേശങ്ങൾ ഷെഡ്യൂൾ ചെയ്യാൻ ആപ്പിളിന്‍റെ ഷോർകട്ട്‍സ് പോലുള്ളവയെ ആശ്രയിക്കേണ്ടതുണ്ട്. ആൻഡ്രോയ്‌ഡിൽ തേർഡ്-പാർട്ടി ആപ്പുകളും മറ്റും ഉപയോഗിച്ചാണ് പലരും ഇക്കാര്യം ചെയ്യുന്നത്. ഇത് സുരക്ഷയും സ്വകാര്യതയും സംബന്ധിച്ച ആശങ്കകൾ ഉയർത്തുന്നു. വാട്‍സ്‌ആപ്പില്‍ നേരിട്ട് ഈ ഫീച്ചർ ഉൾപ്പെടുത്തുന്നതോടെ കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ അനുഭവം ലഭ്യമാകും.
'ഗ്രൂപ്പ് ചാറ്റ് ഹിസ്റ്ററി' എന്ന പുതിയ ഫീച്ചറും വാട്‍സ്ആപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ അംഗങ്ങൾക്ക് ഗ്രൂപ്പിലെ അവസാന 100 സന്ദേശങ്ങൾ വരെ കാണാന്‍ ഈ ഫീച്ചര്‍ സഹായിക്കും. ആഗോളതലത്തിൽ വാട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റ് ഹിസ്റ്ററി ഫീച്ചർ ഉടൻ പുറത്തിറങ്ങും എന്നാണ് സൂചന. ഇതിനായി ഉപയോക്താക്കൾ വാട്‌സ്ആപ്പിന്‍റെ ഏറ്റവും പുതിയ പതിപ്പിലേക്ക് ആപ്പ് അപ്‌ഡേറ്റ് ചെയ്യണമെന്ന് മെറ്റ നിർദേശിച്ചു.
Post a Comment