കേരളത്തിൽ ഇന്നും നാളെയും വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഫെബ്രുവരി 22ന് യെല്ലോ അലർട്ടുള്ളത്. ബാക്കിയുള്ള ജില്ലകളിൽ ഇന്നും നാളെയും നേരിയതോ ഇടത്തരമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ പ്രത്യേക മുന്നറിയിപ്പൊന്നും നൽകിയിട്ടില്ല.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യരേഖയ്ക്കു സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി പുതിയ ന്യൂനമർദം രൂപപ്പെട്ടു. ഇത് 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ് - വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.
ഭൂമധ്യരേഖയ്ക്കു സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതചുഴി പുതിയ ന്യൂനമർദ്ദത്തിൽ ലയിച്ചു. കേരളത്തിൽ ഫെബ്രുവരി 25 വരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്.
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Post a Comment