ജലജീവന്‍ മിഷനുമായി ബന്ധപ്പെട്ട പൈപ്പിടുന്നതിനായി കുഴിച്ച റോഡുകള്‍ മുന്‍ഗണന നല്‍കി പുതുക്കിപ്പണിയണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഇതിനുള്ള ഫണ്ട് ജനുവരി ആദ്യവാരം ലഭ്യമാകുമെന്ന് യോഗത്തില്‍ അറിയിച്ചു. ജില്ലയിലാകെ ജലജീവന്‍ മിഷനുമായി ബന്ധപ്പെട്ട പരാതികള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ കലക്ടര്‍ പ്രത്യേക യോഗം വിളിക്കണമെന്നും ആവശ്യമുയര്‍ന്നു. രണ്ട് മാസം കൊണ്ട് ജില്ലയിലെ വികസന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണമെന്നും ഇതിനായി ഉദ്യോഗസ്ഥരുടെ ശ്രദ്ധ ഉണ്ടാവണമെന്നും അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് ആവശ്യപ്പെട്ടു.
ജലവിഭവ വകുപ്പിന്റെ പൈപ്പുകള്‍ പൊട്ടുന്നത് ജില്ലയിലാകെയുള്ള പ്രശ്‌നമാണെന്നും ഇത് പരിഹരിക്കാന്‍ ആവശ്യമായ നടപടി വേണമെന്നും ഇ കെ വിജയന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കായിക വകുപ്പുമായി ബന്ധപ്പെട്ട് ആറ് കോടി രൂപയുടെ പ്രവൃത്തികള്‍ കുറ്റ്യാടി നിയോജക മണ്ഡലത്തില്‍ നടക്കുന്നുണ്ടെന്നും മന്ദഗതിയില്‍ നടക്കുന്ന പ്രവൃത്തികള്‍ കലക്ടര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ ഉപ്പിലോറ മലയില്‍നിന്ന് മണ്ണെടുക്കുന്നത് ശാസ്ത്രീയമായ രീതിയിലാണോയെന്ന പരിശോധനകള്‍ സ്ഥിരമായി നടത്തണമെന്നും മണ്ണ് കൊണ്ടുപോകാനായി പ്രത്യേകം നിര്‍മിച്ച റോഡ് തന്നെ ഉപയോഗിക്കണമെന്നും എം.എല്‍.എ നിര്‍ദേശിച്ചു.
വയനാട് ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സ്ഥിരം സംവിധാനം വേണമെന്ന് ലിന്റോ ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു. ക്രെയിന്‍ സര്‍വീസ്, ആംബുലന്‍സ് സര്‍വീസ് എന്നിവ മുഴുവന്‍ സമയവും ചുരത്തില്‍ ലഭ്യമാക്കാന്‍ നടപടി ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ വിവിധ റോഡുകളിലെ കുഴികള്‍ അടക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ നിര്‍ദേശിച്ചു. കാരപ്പറമ്പ്-ബാലുശ്ശേരി റോഡ് പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിനായി കച്ചേരി, വേങ്ങേരി വില്ലേജുകളിലെ സ്ഥലമേറ്റെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മാവൂര്‍ ഫയര്‍ സ്റ്റേഷനില്‍ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പിനോട് പി ടി എ റഹീം എം.എല്‍.എ ആവശ്യപ്പെട്ടു. കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ നടന്നുവരുന്ന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ അറിയിച്ചു.
നവകേരള സദസ്സ് പ്രവൃത്തികളുടെ അവലോകനവും യോഗത്തില്‍ നടന്നു. 23 പദ്ധതികള്‍ക്കും ഭരണാനുമതി ലഭ്യമായിട്ടുണ്ടെന്നും 16 പ്രവൃത്തികളുടെ ടെണ്ടര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അറിയിച്ചു. കാനത്തില്‍ ജമീല എം.എല്‍.എയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ അഡ്വ. കെ എം സച്ചിന്‍ ദേവ് എം.എല്‍.എ, അസിസ്റ്റന്റ് കലക്ടര്‍ ഡോ. എസ് മോഹനപ്രിയ, എ.ഡി.എം സി മുഹമ്മദ് റഫീഖ്, പ്ലാനിങ് ഓഫീസര്‍ പി ആര്‍ രത്‌നേഷ് എന്നിവരും പങ്കെടുത്തു.
Post a Comment