കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജംഗ്ഷനിൽ ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ മറിഞ്ഞത് 200 കേസ് ബിയറുമായി എത്തിയ ലോറി. മൈസൂരിൽ നിന്നും വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനത്തിനെത്തിയവരാണ് റോഡിലേക്ക് ബിയർ ഒഴുകിയെത്തിയത് ശ്രദ്ധിച്ചത്. പിന്നാലെ തന്നെ സംഭവ സ്ഥലത്ത് വലിയ രീതിയിൽ ആൾക്കൂട്ടമെത്തി.
അപകട സ്ഥലത്ത് ഗതാഗത തടസമുണ്ടായതിന് പിന്നാലെ ആളുകൾ കൂടിയതോടെ എക്സൈസും ബിവറേജ് ഉദ്യോഗസ്ഥരും ഇരിങ്ങാടൻ പള്ളി ജംഗ്ഷനിലേക്ക് എത്തി. പൊട്ടാത്ത കുപ്പി ഒന്നു പോലും നഷ്ടമാവാതിരിക്കാനുള്ള കരുതലെന്ന് എക്സൈസ്.
കാറിൽ ഇടിച്ച് ലോറി മറിഞ്ഞതോടെ ഡ്രൈവർ ക്യാബിനിനുള്ളിൽ കുടുങ്ങി. ലോറിയിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ജീവനോടെ രക്ഷിക്കാൻ സാധിച്ചില്ല. ക്യാബിൻ പൊളിച്ചാണ് ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തത്. വയനാട് പുല്‍പ്പള്ളി സ്വദേശി അഖില്‍ കൃഷ്ണനാണ് മരിച്ചത്. റോഡിൽ ചിതറിക്കിടന്ന കുപ്പികളിൽ ഏറെയും റോഡിന്റെ സൈഡിലേക്ക് മാറ്റിയിട്ടുണ്ട്. പൊട്ടാത്ത കുപ്പികൾ ശേഖരിച്ച് എറണാകുളത്തേക്ക് കൊണ്ട് പോകുമെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ വിശദമാക്കുന്നത്.
ലോഡ് കണക്കിന് മദ്യക്കുപ്പികൾ പൊട്ടിച്ചിതറിക്കിടക്കുന്ന സ്ഥിതിയാണ് ഇവിടെയുള്ളത്. കെയ്സ് കണക്കിന് ബിയറാണ് പൊട്ടി റോഡിൽ ഒഴുകിയത്. വലിയ രീതിയിലാണ് ആളുകൾ ഇവിടെ തടിച്ച് കൂടിയത്. പുലർച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. കർണാടക ഹസനിൽ നിന്നുള്ള കമ്പനിയിൽ നിന്നുള്ള ബിയർ ബോട്ടിലുമായി വരികയായിരുന്നു ലോറി. ലോറിയുടെ മുൻവശവും കാറ് പൂർണമായും തകർന്നു.
പ്രധാനപ്പെട്ട ജംഗ്ഷനിൽ നിന്ന് കുപ്പിച്ചിലും മദ്യവും ലോറിയും മാറ്റി ഗതാഗത കുരുക്ക് നീക്കാനുള്ള നടപടികൾ ഉദ്യോഗസ്ഥർ ഊർജ്ജിതമാക്കി. മേഖലയിൽ ഗതാഗത കുരുക്ക് രൂക്ഷമാണ്. റോഡില്‍ ചിതറിക്കിടന്ന പൊട്ടിയതും പൊട്ടാത്തതുമായ നൂറുകണക്കിന് ബിയര്‍കുപ്പികളും ചില്ലു ഭാഗങ്ങളും മാറ്റാനുള്ള ശ്രമം തുടരുകയാണ്.
Post a Comment