ജനപ്രിയ ഇമെയിൽ സേവനമായ 'ജിമെയിൽ' ഉപയോക്താക്കൾക്ക് വലിയ ആശ്വാസം നൽകുന്ന പുതിയ അപ്ഡേറ്റുമായി രംഗത്തെത്തിയിരിക്കുകയാണ്. ഒരിക്കൽ ക്രിയേറ്റ് ചെയ്താൽ പിന്നീട് മാറ്റാൻ കഴിയില്ലെന്ന് കരുതിയിരുന്ന ജിമെയിൽ ഐ.ഡികൾ ഇനി മാറ്റാൻ സാധിക്കും. ഇതുവരെ തേർഡ് പാർട്ടി ഇമെയിൽ വിലാസങ്ങൾ ഗൂഗ്ൾ അക്കൗണ്ടിൽ ലോഗിൻ ആയി ഉപയോഗിക്കുന്നവർക്ക് മാത്രമാണ് ഇമെയിൽ വിലാസം മാറ്റാനുള്ള സൗകര്യം ലഭ്യമായിരുന്നത്. എന്നാൽ @gmail.com അവസാനിക്കുന്ന വിലാസങ്ങൾ മാറ്റാൻ സാധിക്കുമായിരുന്നില്ല.
പുതിയ അപ്ഡേറ്റോടെയാണ് ഈ നിയന്ത്രണം ഭാഗികമായി ഒഴിവാക്കുന്നത്. പുതിയ സംവിധാനപ്രകാരം @gmail.comന് മുമ്പുള്ള ഇമെയിൽ വിലാസത്തിന്റെ ആദ്യ ഭാഗം ഉപയോക്താക്കൾക്ക് മാറ്റാൻ സാധിക്കും. അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ, കോൺടാക്റ്റുകൾ, ഫയലുകൾ എന്നിവക്ക് യാതൊരു നഷ്ടവും സംഭവിക്കാതെ ഇമെയിൽ വിലാസം മാത്രം പുതുക്കാൻ ഈ ഫീച്ചർ സഹായിക്കും. പഴയ ഇമെയിൽ ഐ.ഡിയിലേക്ക് അയക്കുന്ന സന്ദേശങ്ങൾ പുതിയ ഇൻബോക്സിലേക്കു തന്നെ ലഭ്യമാകും. പേരിനൊപ്പം വിളിപ്പേരുകളോ ഓമനപ്പേരുകളോ ചേർത്ത് വർഷങ്ങൾക്ക് മുമ്പ് ജിമെയിൽ ഐ.ഡി ഉണ്ടാക്കിയവർക്ക് ഈ അപ്ഡേറ്റ് ഏറെ പ്രയോജനകരമാകും. പ്രൊഫഷണൽ ആവശ്യങ്ങൾക്കായി കൂടുതൽ ഔദ്യോഗികമായ ഒരു ഇമെയിൽ വിലാസം വേണമെന്ന് ആഗ്രഹിക്കുന്നവർക്കും ഇത് സഹായകരമാണ്.
അതേസമയം, ഇമെയിൽ ഐ.ഡി മാറ്റുന്നതിന് ഗൂഗ്ൾ ചില നിബന്ധനകളും ഏർപ്പെടുത്തിയിട്ടുണ്ട്. ഒരിക്കൽ ഇമെയിൽ വിലാസം മാറ്റിയാൽ അടുത്ത 12 മാസത്തേക്ക് വീണ്ടും അത് മാറ്റാനോ ഡിലീറ്റ് ചെയ്യാനോ സാധിക്കില്ല. കൂടാതെ, ഒരാൾക്ക് തന്റെ അക്കൗണ്ടിന്റെ മുഴുവൻ കാലയളവിൽ പരമാവധി മൂന്ന് തവണ മാത്രമേ ഇമെയിൽ വിലാസം മാറ്റാൻ കഴിയൂ.
ഉപഭോക്താക്കൾക്ക് ഗൂഗ്ൾ അക്കൗണ്ടിലെ 'മൈ അക്കൗണ്ട്' (My Account) സെക്ഷനിൽ പോയി ഇമെയിൽ ഐഡി മാറ്റാൻ സാധിക്കും. നിലവിൽ ഈ സേവനം ചില ഭാഷകളിലും തിരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കൾക്കുമാണ് ലഭ്യമായിരിക്കുന്നത്. ഇപ്പോൾ ഹിന്ദിയിൽ മാത്രം ലഭ്യമാകുന്ന ഈ ഫീച്ചർ ഉടൻ തന്നെ ഇന്ത്യയിലുടനീളം വ്യാപകമാക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. വർഷങ്ങൾക്ക് മുമ്പ് തമാശക്കോ പേരിനൊപ്പം വിളിപ്പേരുകളോ ഓമനപ്പേരുകളോ കൂട്ടിച്ചേർത്തവർക്ക് ഗൂഗ്ളിന്റെ ഈ പുതിയ നീക്കം ഉപകാരപ്രദമാകും.
Post a Comment