വയോധികയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് മാല കവർന്ന കേസിലെ പ്രതികളെ മാവേലിക്കര പോലീസ് പിടികൂടി. സഹോദരങ്ങളായ കണ്ടിയൂർ തട്ടാരമ്പലം പടാര്യത്തു സിജുഭവനത്തിൽ സിജുമോൻ (28), സഹോദരി രഞ്ജുമോൾ (37) എന്നിവരെയാണ് ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും മാവേലിക്കര പോലീസും ചേർന്ന് അതിവിദഗ്ദ്ധമായി പിടികൂടിയത്.
കഴിഞ്ഞ നവംബർ 28-നായിരുന്നു കേസിനാസ്പദമായ സംഭവം. സതിയമ്മ (73) എന്ന വയോധികയുടെ രണ്ടരപ്പവന്റെ മാലയാണ് പ്രതികൾ കവർന്നത്. സതിയമ്മയുടെ അയൽവാസിയായ രഞ്ജുമോളുടെ സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിനായി ഇരുവരും ചേർന്ന് നടത്തിയ ഗൂഢാലോചനയാണ് കൃത്യത്തിന് പിന്നിൽ.
രഞ്ജുമോളുടെ നിർദ്ദേശപ്രകാരം ഹെൽമറ്റ് ധരിച്ചെത്തിയ സിജുമോൻ, തിരഞ്ഞെടുപ്പ് നോട്ടീസ് നൽകാനെന്ന വ്യാജേന സതിയമ്മയുടെ അടുത്തെത്തി കണ്ണിൽ മുളകുപൊടി തേച്ചശേഷം മാല പൊട്ടിച്ചെടുക്കുകയായിരുന്നു.
സംഭവസ്ഥലത്തെക്കുറിച്ചുള്ള കൃത്യമായ അറിവുള്ളവരാണ് ഇതിനു പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ പോലീസിന് വ്യക്തമായിരുന്നു. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
പോലീസ് അന്വേഷണം തന്നിലേക്ക് നീളുന്നുവെന്ന് മനസ്സിലാക്കി ഒളിവിൽ പോയ സിജുമോനെ ഓച്ചിറ ആലുംപീടിക ഭാഗത്തുനിന്നും അന്വേഷണസംഘം പിടികൂടി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രഞ്ജുമോളെയും അറസ്റ്റ് ചെയ്തു.
ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രൻ നായർ ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം ചെങ്ങന്നൂർ ഡിവൈഎസ്പി എം.കെ. ബിനുകുമാറിന്റെ മേൽനോട്ടത്തിൽ മാവേലിക്കര പോലീസ് ഇൻസ്‌പെക്ടർ സി. ശ്രീജിത്ത്, എസ്.ഐ. അനന്തു എൻ.യു, എ.എസ്.ഐ. പ്രസന്നകുമാരി എം, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീഖ്, അരുൺ ഭാസ്ക്കർ, സിവിൽ പോലീസ് ഓഫീസർമാരായ ജിഷ്ണു ആർ, അനന്തമൂർത്തി വി.എസ്. എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്.
Post a Comment