സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ ജനവിധി നാളെ അറിയാം. രണ്ട് ഘട്ടങ്ങളിലേയും വോട്ടെണ്ണല്‍ നാളെ രാവിലെ എട്ട് മുതല്‍.

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ ജനവിധി നാളെ അറിയാം. രണ്ട് ഘട്ടങ്ങളിലായി നടന്ന തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ നാളെ രാവിലെ എട്ട് മണിക്ക്  ആരംഭിക്കും.  മാതൃകാ പെരുമാറ്റചട്ടം ഈ മാസം 18 വരെ തുടരുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.   

സംസ്ഥാനത്ത്  244 കേന്ദ്രങ്ങളാണ് നാളത്തെ വോട്ടെണ്ണലിനായി ഒരുക്കിയിരിക്കുന്നത്. ആദ്യം പോസ്റ്റല്‍ വോട്ടുകളാകും എണ്ണുന്നത്. ജില്ലാ പഞ്ചായത്തുകളിലെ പോസ്റ്റല്‍ ബാലറ്റുകള്‍ കലക്ടറേറ്റുകളില്‍ ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തിലും മറ്റ് പോസ്റ്റല്‍ ബാലറ്റുകള്‍ അതാത് വരണാധികാരികളുടെ ടേബിളിലും എണ്ണും. ഇതിനു ശേഷമായിരിക്കും വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണി തുടങ്ങുന്നത്. ഇതിനായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ കണ്‍ട്രോള്‍ യൂണിറ്റുകള്‍ സ്ട്രോങ്ങ് റൂമുകളില്‍ നിന്ന് ടേബിളുകളില്‍ എത്തിക്കും. 

ഓരോ ബൂത്തും എണ്ണിത്തീരുമ്പോള്‍ വോട്ടുനില തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ട്രെന്‍ഡ് പോര്‍ട്ടലില്‍ ലഭ്യമാകും. അതസമയം, വോട്ടെണ്ണൽ നടക്കുന്നതിനാല്‍ എല്ലാ സർക്കാർ ട്രഷറികളും നാളെ തുറന്ന്  പ്രവര്‍ത്തിക്കും. ഇത് സംബന്ധിച്ച് ട്രഷറി ഡയറക്ടർക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു. ഫലപ്രഖ്യാപന നടപടികൾക്ക് ശേഷം  തിരഞ്ഞെടുപ്പ് രേഖകൾ സർക്കാർ ട്രഷറികളുടെ സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിക്കുന്നതിനാണിത്.

Post a Comment

Previous Post Next Post