ടെംപിൾ കണക്‌ട് യാത്രയുമായി KSRTC ബജറ്റ് ടൂറിസം; 72 ക്ഷേത്രങ്ങൾ സന്ദർശിച്ച് വരാം.

ടെംപിൾ കണക്‌ട് എന്ന പേരിൽ 72 ക്ഷേത്രങ്ങളെ ബന്ധിപ്പിച്ച് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ (ബിടിസി) ശബരിമല തീർഥാടന പാക്കേജ് ഒരുക്കുന്നു. തിരുവിതാംകൂർ ദേവസ്വംബോർഡുമായി ചേർന്നാണിത്.

ശബരിമല തീർഥാടനത്തിനു പോകുന്നവർക്ക് വഴിയിലുള്ള പ്രധാന ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ അവസരം നൽകുന്നതാണ് പാക്കേജ്. തീർഥാടന സീസണിലെ ആദ്യഘട്ടത്തിൽ പമ്പയ്ക്ക് 1,600 ചാർട്ടേഡ് ട്രിപ്പും 72 ചാർട്ടേഡ് പാക്കേജും നടത്തും. ആവശ്യക്കാർ കൂടിയാൽ പാക്കേജിന്റെ എണ്ണം കൂട്ടും.

വടക്കൻ ജില്ലകളിൽനിന്നുള്ള പാക്കേജ് രണ്ടുദിവസമാണ്. ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നുള്ളത് ഒരു ദിവസവും. ഒരു ഗ്രൂപ്പിനോ ഒന്നിലധികം ഗ്രൂപ്പുകൾക്കോ സീറ്റ് ബുക്ക് ചെയ്യാം. 90 ശതമാനം ബുക്കിങ് ആയാൽ ഒരു ചാർട്ടേഡ് സർവീസ് നടത്തും. 'അയ്യപ്പ ദർശനം' തീർഥാടന സേർകിറ്റ് ആണ് പാക്കേജിന്റെ മറ്റൊരാകർഷണം.

അയ്യപ്പ ചരിത്രവുമായി ബന്ധപ്പെട്ട് പ്രാധാന്യമുള്ള കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചൻകോവിൽ, പന്തളം വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രങ്ങൾ ബന്ധിപ്പിച്ചാണ് ഈ യാത്ര. ബിടിസി യാത്രക്കാർക്ക് പമ്പ ഡിപ്പോയിൽ സൗജന്യ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വടക്കൻ ജില്ലകളിലുള്ളവർക്ക് ഗുരുവായൂർ ക്ഷേത്രം ഉൾപ്പെടുന്ന പാക്കേജ് തിരഞ്ഞെടുക്കാം. തെക്കൻ ഭാഗങ്ങളിലുള്ളവർക്ക് കൊട്ടാരക്കര ഗണപതീ ക്ഷേത്രം ഉൾപ്പെടുന്ന പാക്കേജുമുണ്ട്.

Post a Comment

Previous Post Next Post